മൂക്കടവിലെ കൊലപാതകം; ഒരു മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം
text_fieldsപുനലൂർ: മുക്കടവ് ആളുകേറാൻ മലയിൽ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തിയ കേസിലെ അന്വേഷണം ഒരു മാസമായിട്ടും എങ്ങുമെത്തിയില്ല. ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവോടെ ഭാഗികമായി കത്തിക്കരിഞ്ഞ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കഴിഞ്ഞ മാസം 23നാണ് കണ്ടെത്തിയത്. ആസൂത്രിതവും മുമ്പ് കേട്ടിട്ടില്ലാത്ത നിലയിലുള്ളതുമായ കൊലപാതകത്തിൽ മരിച്ച ആളിനെ തിരിച്ചറിയാൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിന് മുന്നിലെ പ്രധാന തടസം.
ഇടതുകാലിന് സ്വാധീനമില്ലാത്ത മധ്യവയസ്കന്‍റെ മൃതദേഹം ആണ് കണ്ടെത്തിയിരുന്നത്. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിയാനായി അഞ്ച് സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് അയച്ചെങ്കിലും ഇതിന്‍റെ ഫലം ഇതുവരെയും എത്തിയിട്ടില്ല. പ്രത്യേക അന്വേഷണസംഘം കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയിടങ്ങളിലും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കൊല്ലപ്പെട്ടയാളിനെയോ കൊലപ്പെടുത്തിയവരെയോ കണ്ടെത്താനായില്ല.
ഡി.വൈ.എസ്.പി ടി.അർ. ജിജുവിന്‍റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണത്തിലുള്ളത്. ഡി.എൻ.എ ഫലം വൈകുന്നതും അന്വേഷണത്തിന് തടസമായി. ഇതിനിടെ അന്വേഷണ സംഘത്തിൽപ്പെട്ട പുനലൂർ, ഏരൂർ എസ്.എച്ച്.മാർ ഉൾപ്പെടെയുള്ളവർക്ക് സ്ഥലംമാറ്റം ആയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയുമുണ്ട്.


