വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമില്ല; ജനം വലയുന്നു
text_fieldsപാലരുവിയിൽ സൗകര്യമില്ലാത്തതിനാൽ മഴ നനയുന്ന
തമിഴ്നാട്ടിൽ എത്തിയ അമ്മയും കുഞ്ഞും
പുനലൂർ: കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മതിയായ അടിസ്ഥാന സൗകര്യം ഇല്ലാത്തത് സഞ്ചാരികളെ വലക്കുന്നു. കൈ കുഞ്ഞുങ്ങളുമായും വയോധികരുമായും എത്തുന്ന കുടുംബങ്ങളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. മഴയിലും വെയിലിലും സുരക്ഷിതമായി കയറിനിൽക്കാനുള്ള സൗകര്യങ്ങൾ പോലും ഇവിടങ്ങളിൽ അധികൃതർ ഒരുക്കുന്നില്ല.
സഞ്ചാരികൾ എത്തുന്ന പാലരുവി, അച്ചൻകോവിൽ കുംഭാവുരുട്ടി, മണലാർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് കുടുംബസമേതം നിരവധിയാളുകൾ എത്തുന്നത്. അവധി ദിവസങ്ങളിൽ ഇവിടങ്ങളിൽ ലക്ഷത്തിലധികം രൂപയാണ് ടിക്കറ്റിലൂടെ വരുമാനം ലഭിക്കുന്നത്. കൂടുതലും തമിഴ്നാട് ഉൾപ്പെടെ ദൂരെനിന്നും എത്തുന്നവരാണ്.പാലരുവി വെള്ളച്ചാട്ടത്തിന് നാലുകിലോമീറ്ററോളം അകലെയുള്ള ടിക്കറ്റ് കൗണ്ടറിലും അരുവിയിലും അവസ്ഥ പരിതാപകരമാണ്. മിക്കപ്പോഴും ഇവിടെ മഴ അനുഭവപ്പെടും.
ഈ സമയത്ത് കയറിനിൽക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല. പ്രത്യേകിച്ചും സ്ത്രീകൾ മഴയായാൽ ഇവിടെനിന്ന് നനയുകയല്ലാതെ രക്ഷയില്ല. കുടുംബങ്ങളുമായി എത്തുന്നവരിൽ വയോധികരായുളളവരാണ് ഏറെ പ്രയാസപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് ഇവിടങ്ങളിൽ എത്തിയ നിരവധിയാളുകൾ കൈക്കുഞ്ഞുങ്ങളുമായി ഏറെ ബുദ്ധിമുട്ടി. കൂടാതെ വീൽചെയറിന്റെയും ഊന്നുവടിയുടെയും സഹായത്തോടെ കുടുംബങ്ങൾക്കൊപ്പം എത്തുന്നവരും വളരെ പ്രയാസപ്പെടുന്നു.
ഇക്കോ ടൂറിസത്തിന്റെ വാഹനത്തിലാണ് ടിക്കറ്റ് കൗണ്ടറിൽ നിന്നും ജലപാതത്തിൽ സഞ്ചാരികളെ എത്തിക്കുന്നത്. സ്വന്തം വാഹനത്തിൽ എത്തുകയാണെങ്കിൽ മഴ സമയത്ത് ഇതിലെങ്കിലും അഭയം തേടാമായിരുന്നു. എന്നാൽ അതിനുള്ള അനുമതി ഇവിടെയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ സുരക്ഷാസംവിധാനം ഒരുക്കാൻ അധികൃതർ തയാറാകാത്തത് കാരണം ഒരിക്കൽ ഇവിടെയെത്തി ബുദ്ധിമുട്ടുന്നവർ വീണ്ടുംവരാൻ താൽപര്യം കാണിക്കാത്ത സാഹചര്യമാണുള്ളത്. ഓരോ സീസണിലും അറ്റകുറ്റപ്പണിയുടെ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ ആളുകൾക്ക് മഴസമയത്ത് കയറിനിൽക്കാനുള്ള സംവിധാനം ഒരുക്കാൻ ഫണ്ടില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.