മണ്ഡലകാലം: അച്ചൻകോവിൽ യാത്ര കഠിനമാകും
text_fieldsഅച്ചൻകോവിൽ -കോട്ടവാസൽ പാത തകർന്ന നിലയിൽ
പുനലൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാന അയ്യപ്പക്ഷേത്രമായ അച്ചൻകോവിൽ ക്ഷേത്രത്തിലക്കുള്ള തീർഥാടകരുടെ യാത്ര ദുഷ്കരമാകും. ഇതര സംസ്ഥാനത്തെ അയ്യപ്പന്മാർ ആശ്രയിക്കുന്ന ചെങ്കോട്ട- അച്ചൻകോവിൽ കാനന പാത പൂർണമായി തകർന്ന് അപകടാവസ്ഥയിലാണ്. ഇവിടേക്കുള്ള യാത്ര മുടങ്ങുന്നതും വാഹനങ്ങൾ അപകടത്തിലാകുന്നതും ഇപ്പോൾ പതിവാണ്.
കൂടുതൽ വാഹനങ്ങളും യാത്രക്കാരും എത്തുന്നതോടെ ഇതുവഴിയുള്ള യാത്ര മുടങ്ങാനിടയുണ്ട്. തീർഥാകരെ കൂടാതെ മണലാർ, കുംഭാവുരുട്ടി ജലപാതങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളും എത്തുന്നതോടെ ഗാതാഗത പ്രശ്നം ഉണ്ടാകും. പ്രതികൂലമായ കാലാവസ്ഥ കൂടിയായതോടെ ഇനിയുള്ള ദിവസങ്ങളിൽ പാതയുടെ അറ്റകുറ്റപ്പണി ചെയ്താലും എത്രത്തോളം ഫലമാകുമെന്ന ആശങ്കയുമുണ്ട്.
സംസ്ഥാന അതിർത്തിയായ കോട്ടവാസൽ ചെക്പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 14 കിലോമീറ്ററുണ്ട്. പൊതുമരാമത്ത് റോഡാണെങ്കിലും കാനനപാതയെക്കാൾ കഷ്ടമാണ്. ഇരുവശവും കൊടുവനവും പലയിടത്തും കൊക്കയും നിറഞ്ഞ ഈ പാതക്ക് ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതിയേയുള്ളൂ. പലയിടത്തും എതിരെ വാഹനംവന്നാൽ വശംകൊടുക്കാൻ വാഹനങ്ങൾ മുന്നോട്ടോ പിന്നോട്ടോ പോയാലേ കഴിയുകയുള്ളു. കഴിഞ്ഞ കാലവർഷത്തിൽ പൂർണമായി തകർന്ന പാത അതേപടിയാണ് ഇപ്പോഴുമുള്ളത്. കാറ്റിൽ വനത്തിൽ നിന്നും പാതയിലേക്ക് കടപുഴകിയ കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റിയത് അപകടാമാംവിധം മിക്കയിടത്തും വനംവകുപ്പ് ഉപേക്ഷിച്ചു.
പലയിടത്തും പാതയുടെ വശവും കലുങ്കുകളും ചപ്പാത്തുകുളും തകർന്ന് അപകട നിലയിലാണ്. വാഹനങ്ങൾ സൂക്ഷിച്ച് ഓടിച്ചില്ലെങ്കിൽ മരത്തിലിടിക്കുകയോ വെള്ളക്കെട്ടോടുള്ള കുഴികളിലോ മറിയും. പാതയിലെ അപകാടവസ്ഥ കൂടാതെ ആനയും പുലിയും കടുവയും അടക്കും വന്യജീവികളും യാത്രക്കാർക്ക് ഭീഷണിയാണ്. വശങ്ങൾ തകർന്നതുൾപ്പെടെ അപകടാവസ്ഥയിലുള്ള ഭാഗങ്ങളിൽ സുരക്ഷ ഒരുക്കാനോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.


