അമ്പനാട് എസ്റ്റേറ്റിൽ പണംപിരിവ്; അനധികൃത ബോർഡ് പഞ്ചായത്ത് നീക്കി
text_fieldsഅമ്പനാട് എസ്റ്റേറ്റിലെ അറണ്ടൽ ഗേറ്റിന് മുന്നിൽ സ്ഥാപിച്ച പഞ്ചായത്തിന്റെ പേരിലുള്ള അനധികൃത
ബോർഡ് നീക്കം ചെയ്യുന്നു
പുനലൂർ: വിനോദസഞ്ചാരികളിൽ നിന്നും പണം പിരിക്കാൻ അമ്പനാട് എസ്റ്റേറ്റ് മാനേജ്മെൻറ് അനധികൃതമായി സ്ഥാപിച്ച പഞ്ചായത്തിന്റെ പേരിലുള്ള ബോർഡ് ആര്യങ്കാവ് പഞ്ചായത്ത് നീക്കം ചെയ്തു. അമ്പനാട് എസ്റ്റേറ്റ് സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് ആളൊന്നിന് 100 രൂപ വീതം ഗേറ്റിൽ അടച്ച് എസ്റ്റേറ്റിനുള്ളിൽ പ്രവേശിക്കണം എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ബോർഡ് സ്ഥാപിച്ചിരുന്നത്. അമ്പനാട് എസ്റ്റേറ്റിന്റെ പ്രവേശന കവാടമായ അറണ്ടൽ ഗേറ്റിലാണ് ഈ ബോർഡ് സ്ഥാപിച്ചിരുന്നത്.
ഇവിടെ വരുന്ന നിരവധിയായ വിനോദസഞ്ചാരികൾ പണം നൽകിയാണ് എസ്റ്റേറ്റ് സന്ദർശിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്. ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കാനോ പണം പിരിക്കാനോ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നാണ് സെക്രട്ടറി പറയുന്നത്. അനധികൃത ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജർക്ക് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
എസ്റ്റേറ്റിന്റെ മതിലിൽ പതിച്ച പഞ്ചായത്ത് നോട്ടീസ്
ഇതിനിടെ കഴിഞ്ഞദിവസം പഞ്ചായത്ത് അധികൃതർ എത്തി ബോർഡ് ഇവിടെ നിന്നും അഴിച്ചുമാറ്റുകയായിരുന്നു. കൂടാതെ അനധികൃത പണം പിരിവിനും ബോർഡ് സ്ഥാപിച്ചതിനും താക്കീത് നൽകി നോട്ടീസ് എസ്റ്റേറ്റ് ഗേറ്റിൽ പതിക്കുകയും ചെയ്തു. തേയില തോട്ടം ഉൾക്കൊള്ളുന്ന അമ്പനാട് എസ്റ്റേറ്റ് കാണാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്. ഇവരിൽ നിന്നുമാണ് എസ്റ്റേറ്റ് മാനേജ്മെൻറ് പണം പിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തുവന്ന് പഞ്ചായത്ത് ഓഫീസിലടക്കം സമരം നടത്തി.
അതേസമയം, തങ്ങളുടെ തൊഴിൽ നിലനിൽപ്പിന്റെ ഭാഗമായ എസ്റ്റേറ്റിലെ ടൂറിസം പദ്ധതി ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് മാനേജ്മെൻറിന് പിന്തുണയുമായി തൊഴിലാളികൾ രംഗത്തുണ്ട്. സർക്കാറുമായി കേസിലുള്ള എസ്റ്റേറ്റിൽ പ്രവേശിക്കുന്നതിന് പണം പിരിക്കുന്നതിന് അനുമതി കൊടുക്കാനോ ബോർഡ് സ്ഥാപിക്കാനോ തനിക്ക് അധികാരമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ടൂറിസം പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നെങ്കിലും അതിന്റെ നിയമവശങ്ങൾ നോക്കി മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നാണ് സെക്രട്ടറിയുടെ നിലപാട്.