അച്ചൻകോവിലിൽ കൂടുതൽ പന്നികളെ വെടിവെച്ചുകൊന്നു
text_fieldsഅച്ചൻകോവിൽ വെടിവെച്ചു കൊന്ന കാട്ടുപന്നികൾ.
പുനലൂർ: ജനജീവിതത്തിന് ഭീഷണിയായ കൂടുതൽ കാട്ടു പന്നികളെ അച്ചൻകോവിലിൽ വെടിവെച്ചുകൊന്നു. കഴിഞ്ഞ രണ്ടുദിവസമായി 86 പന്നികളെയാണ് ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത്. കഴിഞ്ഞ മൂന്ന് തവണയായി 130 ഓളം പന്നികളെ ഇതിനകം വെടിവെച്ചു കൊന്നു. എന്നാൽ, ചുറ്റുവട്ടത്തെ വനത്തിൽ നിന്നും കൂടുതൽ പന്നികൾ ജനവാസ മേഖലയിൽ എത്തി നാശം വിതയ്ക്കുന്നുണ്ട്. അച്ചൻകോവിൽ ജങ്ഷനിലും സ്കൂളുകൾ അടക്കം പൊതു സ്ഥാപനങ്ങളിലും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പന്നികൾ കാരണം ജനങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. വലിയ തോതിൽ കൃഷി നാശവും വരുത്തുന്നു. കൂടാതെ വളർത്തുമൃഗങ്ങളെയും ജനങ്ങളെയും പലപ്പോഴും ഇവകൾ ആക്രമിക്കാറുണ്ട്. അടുത്തമാസം ശബരിമല സീസൺ ആരംഭിക്കാനെരിക്കെ പന്നികളുടെ ആധിക്യം ഇവിടെ എത്തുന്ന ഭക്തജനങ്ങളുടെ ജീവനും ഭീഷണിയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് വനപാലകരുടെ മേൽനോട്ടത്തിലാണ് പന്നികളെ കൊന്ന് കുഴിച്ച് മൂടിയത്.


