മുക്കടവ് കൊലപാതകം: ചങ്ങലയുടെ താക്കോൽ കണ്ടെത്തി
text_fieldsപുനലൂർ: മുക്കടവ് ആളുകേറാമലയിൽ നടന്ന കൊലപാതക കേസിൽ നിർണായക തെളിവായി താക്കോലുകൾ കണ്ടെത്തി. മൃതദേഹം മരത്തിൽ ചങ്ങലയുമായി ബന്ധിപ്പിച്ച പൂട്ടിയിരുന്ന താക്കോലാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. പുനലൂർ എസ്.എച്ച്.ഒ എസ്. വിജയ് ശങ്കറിന്‍റെ നേതൃത്വത്തിൽ ഇരുപതോളം പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംഭവസ്ഥലത്ത് എത്തിയിരുന്നു.
മൃതദേഹം കിടന്നിരുന്നതിന് സമീപം കാട് തെളിച്ചു പരിശോധിക്കുന്നതിനിടയിലാണ് ഒരു വളയത്തിൽ രണ്ട് ചെറിയ താക്കോലുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 23നാണ് മുഖം കരിഞ്ഞ ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ സംവിധാനാനത്തോടെ പൊലീസ് ഇവിടെ പരിശോധിച്ചെങ്കിലും താക്കോൽ കിട്ടിയിരുന്നില്ല. ഇടത് കാലിന് സ്വാധീനമില്ലാത്ത മധ്യവയസ്കനാണ് കൊല്ലപ്പെട്ടത്.
പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 20 അംഗ സംഘം അന്വേഷണത്തിലുണ്ടെങ്കിലും ആളിനെ ഇതുവരെയും തിരിച്ചറിയാനോ കൊലപാതകം ചെയ്തവരെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസിന് തുമ്പുണ്ടാക്കാൻ തമിഴ്നാട്ടിൽ ഉൾപ്പെടെ നടത്തുന്ന അന്വേഷണം ഊർജിതമായ അന്വേഷണം നടക്കുന്നതായാണ് പൊലീസ് നൽകുന്ന സൂചന.


