മുക്കടവിലെ കൊലപാതകം: ഒരാഴ്ചയായിട്ടും തുമ്പായില്ല; ഡ്രോൺ പറപ്പിച്ചും അന്വേഷണം
text_fieldsമുക്കടവ് ആളുകേറാമലയിൽ മൃതദേഹം മരത്തിൽ ബന്ധിക്കാൻ ഉപയോഗിച്ച ചങ്ങല
പുനലൂർ: മുക്കടവ് ആളുകേറാമലയിൽ മധ്യവയ്സകനെ കൊലപ്പെടുത്തി മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ചയായിട്ടും തുമ്പൊന്നുമില്ല. ശാസ്ത്രീയ അന്വേഷണത്തിൻറ ഭാഗമായി സംഭവം നടന്ന മലയിൽ ഡ്രോൺ പറത്തി ദൃശ്യങ്ങൾ ശേഖരിച്ചു. കാടുമൂടി കിടക്കുന്ന റബർ തോട്ടത്തിലെ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള വഴികൾ കണ്ടെത്തുകയാണ് ലക്ഷ്യം. അന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഒരു മണിക്കൂറോളമാണ് ഡ്രോൺ പറത്തിയത്.
കൊല്ലപ്പെട്ട ആളെയും കൊലയാളികളേയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. മരിച്ച അജ്ഞാതനെ തിരിച്ചറിയാൻ കഴിയുമെങ്കിൽ അന്വേഷണം എളുപ്പായേനെ എന്ന് സംഘം പറയുന്നുണ്ടെങ്കിലും ആളെ കാണാനില്ല എന്ന പരാതി ഒരിടത്ത് നിന്നും ലഭിക്കാതിരുന്നത് സംഘത്തെ കുഴക്കുന്നു. അജ്ഞാതനെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നതിനിടെ കൊലയാളികളെ കണ്ടെത്താനായി സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രധാന തെളിവുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
മൃതദേഹം മരത്തിൽ ബന്ധിച്ച ചങ്ങലയാണ് പ്രധാനപ്പെട്ട തെളിവായി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. മൂന്നര മീറ്ററോളം നീളമുള്ള ഈ ചങ്ങലയെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കി. ആനയുടെ ഇടചടങ്ങലയായി ഉപയോഗിക്കുന്ന ചങ്ങലയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ ചങ്ങല കടകളുടേയും മറ്റും മുന്നിൽ വാഹനം ഇടാതിരിക്കാനും വഴികളിൽ തടസം സൃഷ്ടിക്കാനും ഉപയോഗിക്കുന്ന ഇടത്തരം ചങ്ങലായാണെന്ന് പിന്നീട് കണ്ടെത്തി. പുതിയ ചങ്ങലയയല്ലാത്തതിനാൽ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാനാണ് സാധ്യതയെന്നും കണക്കാക്കുന്നുണ്ട്. കടകളുടെ മുന്നിലടക്കം എവിടെയെങ്കിലും ഇത്തരം ചങ്ങല നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വിവരം പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചങ്ങല കൂടാതെ ഒഴിഞ്ഞ കന്നാസ്, കുപ്പി, കീറിയ ബാഗ്, കത്രിക എന്നിവയും പ്രധാന തെളിവുകളായുണ്ട്. മൃതദേഹം കത്തിക്കാനുള്ള പെട്രോൾ വാങ്ങിയതാണ് കന്നാസ് എന്ന നിഗമനത്തിൽ പമ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഒഴിഞ്ഞ കന്നാസുകളിൽ പെട്രോൾ വാങ്ങിയവരെ കണ്ടെത്താൻ പമ്പുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിഞ്ഞു വരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടത് കാലിന് സ്വാധീനമില്ലാത്ത ആളിന്റെ ഒരാഴ്ചയോളം പഴക്കമുള്ള ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.
അതിക്രൂര കൊലപാതകം –മന്ത്രി ഗണേഷ്
പുനലൂർ: മുക്കടവ് ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമാണെന്നും മരിച്ച ആളിനെയും പ്രതികളെയും പൊലീസ് കണ്ടുപിടിക്കുമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. എന്തായാലും സാധാരണ മനുഷ്യന്റെ മനസ്സിൽ തോന്നുന്ന പോലെയുള്ള ഒരു സാധാരണ കൊലപാതകം അല്ല ഇത്. ക്രൂരമായ കൊലപാതകമാണ്. വലിയ പകയും വൈരാഗ്യവും ഒക്കെ അതിന്റെ പിന്നിൽ ഉണ്ടായേക്കാം. അല്ലെങ്കിൽ വല്ല സൈക്കോകളും ആയിരിക്കും ഇത് ചെയ്തത്. ഇത്രയും ആരോഗ്യമുള്ള ഒരാളെ എങ്ങനെയാണ് കുന്നിൻ പ്രദേശത്ത് എത്തിച്ചതെന്നും ചിന്തിക്കണം. ആനയെ തളക്കാൻ ഉപയോഗിക്കുന്ന ചങ്ങല ഉപയോഗിച്ച് രണ്ട് റബർ മരങ്ങളിൽ ബന്ധിപ്പിച്ച് തീപ്പൊള്ളൽ ഏൽപിച്ച് കൊലപ്പെടുത്തുക എന്നുപറഞ്ഞാൽ ക്രൂരമായ നടപടിയാണ്. മരിച്ച ആളിനെ കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം. കണ്ടെത്തിയാൽ മാത്രമേ പ്രതികളിലേക്കുള്ള സൂചന ലഭിക്കുകയുള്ളൂ. തമിഴ്നാട്ടിൽ നിന്നുള്ള ആളാണോ എന്നും സംശയിക്കുന്നു.


