പുനലൂരിനെ പുണരാൻ പുതുമുഖങ്ങൾ
text_fieldsപുനലൂർ: രാഷ്ട്രീയ പ്രബുദ്ധത നിറഞ്ഞ അതിർത്തി മലയോര മണ്ഡലമായ പുനലൂരിന്റെ മനസ്സ് ഏറെക്കാലമായി ഇടതിനനുകൂലമാണ്. 1957ൽ മണ്ഡല രൂപവത്കരണത്തിന് ശേഷമുള്ള 17 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിലൊഴികെ എൽ.ഡി.എഫിനെ അതും സി.പി.ഐക്കാരെ മാത്രം വിജയിപ്പിച്ച പാരമ്പര്യം. നിയമസഭ തെരഞ്ഞെടുപ്പിൽ എന്നും എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയാകുന്ന മണ്ഡലം പക്ഷേ, തദ്ദേശ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും കണക്കൂകൂട്ടലുകൾ തെറ്റിക്കാറുണ്ട്.
ഇരുമുന്നണികളിലെയും പിതാവും മകനും മാറിമാറി മത്സരിച്ച ചരിത്രവും ഈ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിന് വന്നുചേർന്നു. സി.പി.ഐയിലെ പി.കെ. ശ്രീനിവാസനും മകൻ പി.എസ്. സുപാലും മുസ്ലിം ലീഗിലെ എ. യൂനുസ് കുഞ്ഞും മകനും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ നൗഷാദ് യൂനുസും എന്നിവരാണിവർ. മണ്ഡലത്തിലെ വോട്ടർമാരിൽ തമിഴ്നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികളും ശ്രീലങ്കയിൽനിന്ന് പുനരധിവസിപ്പിച്ച തമിഴ് വംശജരും നിർണായകമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികവർഗ ഉന്നതികളും വോട്ടർമാരുമുള്ള ഇവിടത്തെ ഭാഗദേയം നിർണയിക്കുന്നതിൽ ഇവരും പ്രധാനികളാണ്.
ലോക്സഭയിൽ യു.ഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രൻ 2019ൽ 18, 666 വോട്ടും 2025ൽ 18,044 വോട്ടും മണ്ഡലത്തിൽ അധികംനേടി. പുനലൂർ നഗരസഭ, ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. യു.ഡി.എഫിന് ഭരണമുണ്ടായിരുന്ന കരവാളൂർ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടി. എൽ.ഡി.എഫിൽ നിന്നും ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ പഞ്ചായത്തുകളും കുളത്തൂപ്പുഴ ജില്ല ഡിവിഷനും യു.ഡി.എഫും പിടിച്ചെടുത്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും കരവാളൂർ ജില്ല ഡിവിഷനും എൽ.ഡി.എഫ് നിലനിർത്തി.
2021ൽ 37,057 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.എസ്. സുപാൽ യു.ഡി.എഫിലെ അബ്ദുൽ റഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി. അതിന് മുമ്പ് തുടർച്ചയായി മൂന്നാംവിജയം നേടിയ മുൻമന്ത്രി അഡ്വ. കെ. രാജു 33582 വോട്ടിന് യു.ഡി.എഫിലെ ഡോ. എ. യൂനുസുകുഞ്ഞിനെയും മറികടന്നു. ഇത്തവണ എൽ.ഡി.എഫിലെ സി. അജയപ്രസാദ്, യു.ഡി.എഫിലെ നൗഷാദ് യൂനുസ്, അഡ്വ. രഘുനാഥ് കമുകുംചേരി (എൻ.ഡി.എ-ട്വന്റി 20), ജോസ് സാരാനാഥ് (ബി.എസ്.പി), നെടുമങ്കാവ് ഗോപാലകൃഷ്ണൻ (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ), കെ. മഹേഷ് (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) എന്നിവരാണ് മത്സരിക്കുന്നത്.
സി. അജയ് പ്രസാദ് (എൽ.ഡി.എഫ്)
അഞ്ചൽ ആലഞ്ചേരി സ്വദേശി, സി.പി. ഐ ജില്ല എക്സിക്യൂട്ടിവ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം, എ.ഐ.വൈ.എഫ് ജില്ല മുൻ വൈസ് പ്രസിഡൻറ്, സി.പി.ഐ പുനലൂർ ജോയന്റ് സെക്രട്ടറി, തെന്മല മണ്ഡലം മുൻ സെക്രട്ടറി, ഓയിൽ പാം ഡയറക്ട് ബോർഡംഗം, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്.
നൗഷാദ് യൂനുസ് (യു.ഡി.എഫ്)
കൊല്ലം വടക്കേവിള സ്വദേശി, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്. മുൻ എം.എൽ.എയും 2016ൽ പുനലൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എ. യൂനുസ് കുഞ്ഞിന്റെ മകൻ. കൊല്ലം ഫാത്തിമ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ, പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ല മുൻ പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ല മുൻ ജനറല്‍ സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സിൽ ജില്ല ജനറല്‍ സെക്രട്ടറിയുമാണ്.
അഡ്വ. രഘുനാഥ് കമുകുംചേരി (എൻ.ഡി.എ)
പത്തനാപുരം കമുകുംചേരി സ്വദേശി, പുനലൂർ ബാറിലെ അഭിഭാഷകൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ മുൻ അംഗം, പുനലൂർ ശ്രീനാരായണ കോളജ് മുൻ ഗസ്റ്റ് ലെക്ചറർ, പത്തനാപുരം ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് മുമ്പ് മത്സരിച്ചിരുന്നു.
2016ലെ വോട്ട് നില:
- അഡ്വ.കെ. രാജു -(എൽ.ഡി.എഫ്) 82,136
- ഡോ. എ. യൂനുസ് കുഞ്ഞ് -(യു.ഡി.എഫ്) 48,554
- സിസിൽ ഫർണാണ്ടസ് -(എൻ.ഡി.എ) 10,558
2021ലെ വോട്ട് നില:
- പി.എസ്. സുപാൽ- (എൽ.ഡി.എഫ്) 80,428
- അബ്ദുൽ റഹിമാൻ രണ്ടത്താണി -(യു.ഡി.എഫ്) 43,371
- ആയുർ മുരളി -(എൻ.ഡി.എ) 20,069


