സുരക്ഷയില്ല; മണലാറിൽ അപകടാവസ്ഥ
text_fieldsഅച്ചൻകോവിൽ മണലാർ വെള്ളച്ചാട്ടം
പുനലൂർ: മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത മണലാർ പ്രകൃതി സമ്പർക്ക കേന്ദ്രത്തിൽ അപകടം പതിയിരിക്കുന്നു. അച്ചൻകോവിലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മണലാർ വെള്ളച്ചാട്ടം കാണാനും കുളിക്കാനും നിരവധി യാത്രക്കാരാണ് ദിവസവും എത്തിച്ചേരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘങ്ങളാണ് അധികവും. ചെങ്കോട്ട -അച്ചൻകോവിൽ റോഡ് വശത്ത് മണലാർ വനത്തിൽ നിന്നുമാണ് പ്രകൃതി രമണീയമായ ഈ അരുവി ഉൽഭവിക്കുന്നത്.
വലിയ പൊക്കമില്ലാത്ത പാറക്കെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന അരുവിയിൽ കുളിക്കാൻ സൗകര്യമുണ്ടെങ്കിലും വെള്ളച്ചാട്ടത്തിലേക്ക് എത്തുന്ന വഴികൾ സുരക്ഷിതമല്ല. മെയിൻ റോഡിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് എത്തുന്ന പാറക്കെട്ടിലൂടെയുള്ള വഴി പൂർണമായി ചളിമൂടികിടക്കുകയാണ്.
മരക്കുറ്റികളുടെയും വേരുകളുടെയും ഇടയിലൂടെ സാഹസപ്പെട്ട് വേണം ഇവിടയെത്താൻ. വെള്ളത്തിലൂടെ ആളുകൾ മറുവശത്തേക്ക് പോകുമ്പോൾ വഴുവഴുപ്പുള്ള പാറയിൽ കാൽ തെറ്റി താഴെ വലിയ കുഴിയിലേക്ക് വീഴാൻ സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് എന്തെങ്കിലും സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. ഒരാളിൽ നിന്നും 50 രൂപ വീതം വനംവകുപ്പ് ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ പൊതുമരാമത്ത് റോഡ് വശത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിന് വലിപ്പമനുസരിച്ച് പാർക്കിങ് ഫീസും വാങ്ങുന്നുണ്ട്. എന്നാൽ, യാത്രക്കാരുടെ സുരക്ഷിതത്വത്തിൽ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.