റെയിൽവേ പുനലൂർ ട്രാക്ഷൻ സബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
text_fieldsപുനലൂർ: കൊല്ലം-ചെങ്കോട്ട ലൈനിൽ വൈദ്യുതി വിതരണത്തിനായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച 110 കെ.വി. ട്രാക്ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തി. രണ്ടരവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പുതിയ സബ് സ്റ്റേഷന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി വൈദ്യുതി നൽകി തുടങ്ങി. പുതിയ ലൈനിൽ നിന്നുള്ള വൈദ്യുതിയിലൂടെ ശനിയാഴ്ച വൈകിട്ട് കൊല്ലത്ത് നിന്നുള്ള ചെന്നൈ എഗ്മൂർ എക്സ്പ്രസ് സർവിസ് നടത്തി. താമസിയാതെ ഈ ലൈനിലുള്ള കൂടുതൽ ട്രെയിനുകൾ വൈദ്യുതി ഉപയോഗിച്ച് സർവീസ് നടത്തും.
നിലവിൽ ഈ ലൈനിൽ ചെങ്കോട്ട, പെരിനാട് സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിനുകൾ സർവിസ് നടത്തിയിരുന്നത്. ഇനി ഇത് പുനലൂർ സബ് സ്റ്റേഷനിലെ വൈദ്യുതിയിലാകും. പുനലൂർ സബ് സ്റ്റേഷനും ചാർജ് ചെയ്തതോടെ ഈ ലൈനിൽ മുടക്കമില്ലാതെ വൈദ്യുതി ലഭ്യതയും കൂടുതൽ സർവിസുകളും ഉറപ്പാകും.
മീറ്റർ ഗേജിൽ നിന്നും മാറി രണ്ട് ഘട്ടങ്ങളിലായാണ് ബ്രോഡ് ഗേജും വൈദ്യുതീകരണവും പൂർത്തിയാക്കിയത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സബ് സ്റ്റേഷൻ നിർമിച്ച ശേഷം വൈദ്യുതി ലഭ്യമാക്കാൻ റെയിൽവേ കെ.എസ്.ഇ ബിക്ക് 28 കോടി രൂപ മുമ്പ് കൈമാറിയിരുന്നു. എന്നാൽ 23 മാസം കഴിഞ്ഞാണ് വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബി പൂർത്തിയാക്കിയത്.
പുനലൂർ കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷനിൽ നിന്നു രണ്ടേകാൽ കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷൻ യാർഡിനു സമീപമുള്ള റെയിൽവേ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. കെ.എസ്.ഇ.ബിയുടെ സബ്സ്റ്റേഷനിൽ നിന്ന് ഫൈബർ വഴി ഭൂമിക്കടിയിലൂടെ (യു.ജി) വൈദ്യുതി കേബിളും ഒപ്റ്റിക്കൽ കേബിളും (ഒ.എ. സി) ഉപയോഗിച്ചാണിത്. കഴിഞ്ഞ ജൂലൈ 30 ന് ട്രയൽറൺ വിജയകരമായി നടത്തിയിരുന്നെങ്കിലും റെയിൽവേ കെ.എസ്.ഇ.ബിക്ക് ഒടുക്കാനുള്ള രണ്ടരകോടി രൂപ ഒടുക്കാൻ താമസം വന്നതോടെ വൈദ്യുതി എത്തിക്കുന്നതും വൈകുകയായിരുന്നു.


