പുനലൂർ ബസ് സ്റ്റാൻഡിലെ ലഘുഭക്ഷണശാല പൊളിച്ചുമാറ്റി
text_fieldsപുനലൂർ ബസ് സ്റ്റാൻഡിൽ അടച്ചുപൂട്ടിയ ലഘുഭക്ഷണശാല പൊളിച്ചുമാറ്റുന്നു
പുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിലെ ബസിനുള്ളിലെ ലഘുഭക്ഷണശാല വെള്ളിയാഴ്ച പൊളിച്ചുമാറ്റി. നഗരസഭ അധികൃതരുടെ ആവശ്യത്തെ തുടർന്ന് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചത്. പുതിയ സർവിസുകളുടെ ഉദ്ഘാടനത്തിനായി ഞായാറാഴ്ച മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്റ്റാൻഡ് സന്ദർശിച്ചിരുന്നു. എന്നാൽ, ലഘുഭക്ഷണശാല അന്യായമായി പൊളിച്ചുമാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘം അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നുവർഷമായി കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സഹകരണ സംഘം നടത്തിയിരുന്ന ലഘുഭക്ഷണശാല കഴിഞ്ഞ ജൂലൈ ഒന്നിന് ലൈസൻസില്ലെന്ന് കാരണംപറഞ്ഞാണ് നഗരസഭാധികൃതർ പൂട്ടിയത്. ഡിപ്പോയുടെ മുന്നിൽ മൂന്നുമാസം മുമ്പുണ്ടായ അപകടങ്ങളെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്നായിരുന്നു നഗരസഭയുടെ നടപടി.
ഗതാഗതത്തിനടക്കം കാര്യമായ ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞഭാഗത്ത് പ്രവർത്തിച്ചിരുന്ന ഈ കാന്റീൻ പൊളിച്ചു മാറ്റിയതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കടക്കം പ്രതിഷേധമുണ്ട്. എന്നാൽ, താമസിയാതെ ലൈസൻസ് അനുവദിച്ച് കാന്റീൻ തുറക്കാൻ അനുമതി നൽകാമെന്നും നഗരസഭാധികൃതർ സംഘം ഭാരവാഹികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ലൈസൻസിനായി സംഘം അധികൃതർ ആവശ്യമായ രേഖകകൾ ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.
കോർപറേഷന് വാടക ഇനത്തിൽ വൻ തുക നഷ്ടപ്പെടുന്നതിനൊപ്പം കാന്റീനിൽ ജോലി ചെയ്തിരുന്ന 14 ഓളം തൊഴിലാളികളുടെയും തൊഴിൽ നഷ്ടത്തിനും ഇത് ഇടയാക്കി. എന്നാൽ, ഭക്ഷണശാല ഇവിടെനിന്ന് മാറ്റി ഡിപ്പോയുടെ ഒഴിഞ്ഞ ഭാഗത്ത് എവിടെയെങ്കിലും സ്ഥാപിക്കാൻ നഗരസഭാധികൃതർ ആവശ്യപ്പെട്ടെങ്കിലും പ്രായോഗിമല്ലെന്നും നഷ്ടത്തിന് ഇടയാക്കുമെന്നും പറഞ്ഞ് സംഘം അധികൃതർ തയാറായില്ല. സംസ്ഥാനത്തെ പല ഡിപ്പോകളിലും ഇത്തരം ഭക്ഷണശാല ബസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റെവിടേയും ഇല്ലാത്ത തടസ്സവാദങ്ങളാണ് പുനലൂരിൽ നഗരസഭാധികൃതർക്കുള്ളതെന്ന് ആക്ഷേപമുണ്ട്.
കോർപറേഷന്റെ വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിച്ച് കണ്ടംചെയ്ത ബസിൽ മൂന്നുവർഷം മുമ്പാണ് ഡിപ്പോയോട് ചേർന്ന് ഒരുവശത്ത് സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലഘുഭക്ഷണശാല ആരംഭിച്ചത്. ഇതിന്റെ വാടകയായി പ്രതിമാസം 48,000 രൂപ കോർപറേഷന് വാടകയായി ലഭിച്ചിരുന്നു. ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്നത് കെ.എസ്.ആർ.ടി.സിയിൽ ജോലിനഷ്ടപ്പെട്ട താൽക്കാലിക ജീവനക്കാരായ 14 പേരായിരുന്നു. അവരുടെ തൊഴിലും നഷ്ടമായി. ദിവസവും 30,000 രൂപ വരെ കച്ചവടം നടക്കുമായിരുന്നു. ഇതിലുപരി ഇവിടെ എത്തുന്ന ദീർഘദൂര യാത്രക്കാരും ബസ് ജീവനക്കാരും അത്യാവശ്യം ലഘു ഭക്ഷണം കഴിക്കണമെന്ന് ഉണ്ടെങ്കിൽ വളരെ പ്രയാസപ്പെടുകയാണ്. തിരക്കേറിയ മലയോര ഹൈവേ കടന്നുവേണം കടകളിലെത്താൻ. ഡിപ്പോക്കുള്ളിൽ ചായ കുടിക്കാൻപോലും സംവിധാനം ഇല്ലാതായി.
ലഘുഭക്ഷണശാല അന്യായമായി പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘം അധികൃതർ പറഞ്ഞു. നിലവിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് അഞ്ചുവർഷത്തെ കോർപറേഷനുമായുള്ള കരാറിലാണ് സംഘം വൻതുക മുടക്കി ഇവിടെ ഭക്ഷണശാല സ്ഥാപിച്ചത്. ഇത് അന്യായമായി പൂട്ടിയതും പൊളിച്ചുമാറ്റിയതും വഴി സംഘത്തിനു വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നും സംഘം അധികൃതർ പറഞ്ഞു.


