വനിത സ്പെഷൽ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsനന്ദു
പുനലൂർ: ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന വനിത സ്പെഷൽ പൊലീസിനെ ആക്രമിച്ച യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനിൽ നന്ദുവാണ് (33) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയാണ് സംഭവം. ശബരിമല സീസൺ കണക്കിലെടുത്ത് ടി.ബി ജങ്ഷനിൽ ഡ്യൂട്ടി ഉണ്ടായിരുന്ന വനിതാ സ്പെഷൽ ഓഫിസറെയാണ് ആക്രമിച്ചത്. ഇവർ വിശ്രമിക്കാനായി തൂക്കുപാലത്തിന് മുൻവശത്തെ ഫുട്പാത്തിന്റെ വശത്ത് ഇരിക്കവേ വലിയ പാലം വഴി വന്ന യുവാവ് സ്പെഷൽ ഓഫിസറെ മുടിയിൽ പിടിച്ചു വലിക്കുകയും പിടിച്ച് തള്ളുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുനലൂരിൽ നിന്ന് ട്രെയിനിൽ ചെന്നെയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇയാൾ. ഇവിടെ ഇറങ്ങി മദ്യപിച്ച ശേഷമായിരുന്നു യുവതിയെ ആക്രമിച്ചത്.
സമാനമായ ആക്രമണങ്ങളിൽ ഇയാൾക്കെതിരെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുണ്ടെന്ന് പുനലൂർ സി.ഐ ജയശങ്കർ പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യപരിശോധനക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും വിദ്യാർഥി ഇയാൾ അക്രമാസക്തനായി. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.


