സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല
text_fieldsപുനലൂർ: വശ്യമായ കാഴ്ചകളാൽ അനുഗൃഹീതമായ ഒറ്റക്കൽ ലുക്കൗട്ടിൽ എത്തുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ നിരാശയോടെ മടങ്ങുന്നു. കല്ലടയാർ, കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ, തടയണ എന്നിവ കേന്ദ്രീകരിച്ച് ദേശീയ പാതയോരത്ത് 30 വർഷം മുമ്പാണ് ലുക്ക് ഔട്ട് പവലിയൻ നിർമിച്ചത്. വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടായിരുന്നു കെ.ഐ.പിയുടെ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഇത്രയും കാലമായിട്ടും ഇവിടെ എത്തുന്നവർക്ക് ആവശ്യമായ ടോയ്‍ലറ്റ് സൗകര്യവും കുടിവെള്ളവും ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല.
ദിനേന വിദ്യാർഥികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് ഇവിടുത്തെ ദൃശ്യങ്ങൾ ആസ്വദിക്കാൻ എത്തുന്നത്. വേനൽ ആയതോടെ സഞ്ചാരികളുടെ എണ്ണവും കൂടി. പവലിയനോട് ചേർന്ന് കുടിവെള്ള ടാപ്പും അനുബന്ധ പൈപ്പ് ലൈനും ജല അതോറിറ്റി സ്ഥാപിച്ചിട്ട് പത്ത് വർഷമായി. എന്നാൽ, പാറക്കടവിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് ഇവിടെ കുടിവെള്ളം എത്തിക്കുന്നില്ല. ടോയ്‌ലറ്റ് സംവിധാനം ഒരുക്കാത്തതിനാൽ സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ പ്രയാസപ്പെടുന്നത്. ഇവിടെ പ്രവേശനം സൗജന്യമായതിനാലാണ് കെ.ഐ.പി ഇതിനായി പണം മുടക്കാൻ തയാറാകാത്തതെന്ന് പറയുന്നു. അതേസമയം, കെ.ഐ.പി ആസ്ഥാനമായ പരപ്പാർ ഡാം മേഖലയിൽ വിനോദ സഞ്ചാര വികസനത്തിനായി കോടികൾ പാഴാക്കുന്നതായും ആക്ഷേപമുണ്ട്.


