റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പുനലൂർ: ആവണീശ്വരം റെയിൽവേ സ്റ്റേഷൻ സമീപം സൂക്ഷിച്ചിരുന്ന ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആവണീശ്വരം സ്വദേശികളായ അനന്തു, ജോബിൻ രാജ് എന്നിവരെയാണ് പുനലൂർ റെയിൽവേ പൊലീസും ആർ.പി.എഫ് സംഘവും പിടികൂടിയത്.
അനന്തുവിന്‍റെ ജന്മദിനാഘോഷ പാർട്ടിക്ക് വേണ്ടി പണം കണ്ടെത്താൻ പണയം വെച്ച മൊബൈൽ ഫോൺ തിരിച്ചെടുക്കുന്നതിനാണ് കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്നും റെയിൽ കട്ട് മോഷ്ടിച്ചത്. റെയിൽ കട്ടുകൾ ഓട്ടോറിക്ഷയിൽ കയറ്റി ഷോബിൻ രാജുമായി ചേർന്ന് ഇളമ്പൽ, പുനലൂർ പേപ്പർമിൽ എന്നിവിടങ്ങളിലെ ആക്രി കടകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയുടെ സാധനം ആയതുകൊണ്ട് വാങ്ങാൻ കടക്കാർ തയ്യാറായില്ല.
തുടർന്ന് ഓട്ടോയിൽ ഈ സാധനങ്ങൾ ആവണീശ്വരത്തിന് സമീപം ഉള്ള ഒരു റബ്ബർ തോട്ടത്തോട് ചേർന്നുള്ള ഓടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവരെയും പിടികൂടിയത്. കേസിന്റെ തുടർ അന്വേഷണം പുനലൂർ ആർ.പി.എഫ് സംഘം നടത്തുമെന്ന് റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ശ്രീകുമാർ പറഞ്ഞു. ഷോബിൻ രാജ് മോഷണം കഞ്ചാവ് ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.


