പുനലൂർ നഗരസഭയിലെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
text_fieldsപുനലൂർ: നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് വീണ്ടും സർക്കാർ ഉത്തരവ്. മിനിട്സ് ക്രമക്കേട്, താൽകാലിക നിയമനങ്ങൾ, കുടിവെള്ള വിതരണത്തിലെ സാമ്പത്തിക തട്ടിപ്പ് എന്നിവയെ സംബന്ധിച്ച് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർ ബിജു കാർത്തികേയൻ എന്നിവർ നൽകിയ പരാതിയെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ അഴിമതി ബോധ്യപ്പെട്ടതിനാൽ കേരള നിയമസഭ സെക്രട്ടേറിയറ്റാണ് വിഷയങ്ങളിൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നഗരസഭയിലെ കൗൺസിൽ യോഗങ്ങളുടെ മിനിട്സ് യഥാസമയം രേഖപ്പെടുത്താതെയും എട്ടുമാസത്തിന് ശേഷം തെറ്റായ വിവരങ്ങൾ കൗൺസിൽ തീരുമാനങ്ങളായി എഴുതി ചേർത്തു, സർക്കാർ ഉത്തരവുകളും ചട്ടങ്ങളും മറികടന്ന് അനധികൃതമായി താൽകാലിക നിയമനങ്ങൾ നടത്തുന്നു, കുടിവെള്ള വിതരണ വാഹനം ഓടിയതിന് നഗരസഭയിൽ കിലോമീറ്റർ 295 രൂപ നിരക്കിൽ നല്കി എന്നിവ സംബന്ധിച്ചാണ് അന്വേഷണം നടന്നത്.
വിവിധ ഇടങ്ങളില്‍ പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ അന്നത്തെ നിയമസഭ പെറ്റീഷൻ കമ്മിറ്റി ചെയർമാനായിരുന്ന കെ.ബി. ഗണേഷ് കുമാറിനെ സമീപിച്ച് നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടന്നത്.
നഗരസഭ ഭരണസമിതി നിലപാടുകള്‍ക്ക് എതിരെ പലപ്പോഴും പരസ്യ നിലപാട് സ്വീകരിച്ച ഗണേഷ് കുമാര്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഉടൻ തീരുമാനമെടുത്തു. അന്വേഷണം നടത്തിയ ആഭ്യന്തര വിജിലൻസ് വിഭാഗം ഉൾപ്പെടെയുള്ള ഏജൻസികൾ ക്രമക്കേടുകൾ കണ്ടെത്തുകയും അത് പെറ്റീഷൻ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ നിയമസഭ സെക്രട്ടേറിയറ്റ് വിജിലൻസിനെ അന്വേഷണം നടത്താനായി നിയോഗിച്ചത്. ജിയോ കമ്പനിയുടെ തൂണുകള്‍ സ്ഥാപിച്ചതിലെ ക്രമക്കേട്, ശ്മശാനം അറ്റകുറ്റപ്പണി, വ്യാജ അക്കൗണ്ട് എന്നീ കേസുകളിൽ നിലവിൽ അന്വേഷണം നടന്നുവരികയാണ്.


