മുങ്ങിയ കപ്പലിലെ വസ്തുക്കൾ കണ്ടെടുക്കൽ ശ്രമകരം: ദൗത്യസംഘം വീണ്ടും മടങ്ങി
text_fieldsകൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എൽസ ത്രീ കപ്പൽ ഉയർത്താനും അതിലെ വസ്തുക്കൾ കണ്ടെടുക്കാനുമുള്ള ദൗത്യം കൂടുതൽ ശ്രമകരമാകുന്നു. ഒരു മാസം മുമ്പ് ആരംഭിച്ച ദൗത്യം അധികം മുന്നോട്ട് കൊണ്ടുപോകാനാവാതെ സംഘം നാലാം തവണയും മടങ്ങി. കൊല്ലം തുറമുഖത്തുനിന്ന് രണ്ട് കപ്പലുകളിലായി ഉൾകടലിലേക്ക് പുറപ്പെട്ട സംഘമാണ് ഇന്നലെ വീണ്ടും മടങ്ങിയെത്തിയത്. ഉൾകടൽ പ്രക്ഷുബ്ദമായി തുടരുന്നതിനാൽ കാര്യമായ പ്രവർത്തനം സാധ്യമാകുന്നില്ലന്നാണ് വിലയിരുത്തൽ. ഡി.എസ്.വി സതേൺനോവ, ഓഫ്ഷോർ മൊണാർക്ക് എന്നീ കപ്പലുകളിലായിപോയ സംഘമാണ് തിരികെ എത്തിയത്.
അതേസമയം വെള്ളവും ഡീസലുമടക്കം സമാഹരിക്കാനാണ് കപ്പലുകൾ എത്തിയതെന്നും അധികം വൈകാതെ അവർ കടലിലേക്ക് മടങ്ങുമെന്ന് കൊല്ലം തുറമുഖ അധികൃതർ പറഞ്ഞു. ഇനി എന്ന് അവർ വീണ്ടും കടലിലേക്ക്പോകുമെന്നത് സംബന്ധിച്ച് തീരുമാനമായില്ല. 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുള്ളത്. ഇവർക്കുള്ള ഭക്ഷണവും ഇന്ധനം അടക്കമുള്ള സൗകര്യങ്ങളും ടഗ് കളിൽ എത്തിച്ച് നൽകുകയായിരുന്നു ഇതുവരെ.
എൽസ ത്രീയിലെ ബങ്കർ ഓയിൽ, അപകടകരമായ വസ്തുക്കൾ എന്നിവ കൂടാതെ കപ്പൽ ഉയർത്താൻ കഴിയുമെങ്കിൽ അതും സാധ്യമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമായി കണ്ടിരുന്നത്. മുംബൈ ആസ്ഥാനമായ മെർക്ക് സാൽവേജ് ഓപ്പറേഷൻസ് കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം. സത്യം ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് ആണ് കൊല്ലത്തെ ഏജന്റ്. ലൈബീരിയൻ കപ്പലായ എം.എസ്.സി എൽസ ത്രീ മെയ് 24നാണ് കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിയത്. 643 കണ്ടെയിനറുകളാണ് അതിലുണ്ടായിരുന്നത്. അതിൽ അൻപതോളം കണ്ടെയ്നറുകൾമാത്രമാണ് കരക്കടിഞ്ഞത്.