സ്കൂൾ കെട്ടിടത്തിൽ സാമൂഹികവിരുദ്ധ ശല്യം
text_fieldsകോവൂർ ഗവ. എൽ.പി.എസിലെ പെയിന്റിങ് വികൃതമാക്കിയ നിലയിൽ
ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ ഗവ. എൽ.പി.എസിൽ സാമൂഹികവിരുദ്ധ ശല്യമെന്ന് പരാതി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ. പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ പെയിൻറ് ചെയ്തിരുന്നു. എന്നാൽ പെയിൻറ് ചെയ്ത ഭാഗവും ഭിത്തിയിൽ വരച്ച ചിത്രങ്ങളും മറ്റും പെയിൻറ് ഉപയോഗിച്ച് വൃത്തികേടാക്കി.
നേരത്തേയും സ്കൂളിൽ സാമൂഹികവിരുദ്ധശല്യമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതരുടെ പരാതിയിൽ സ്ഥലത്ത് പൊലീസ് പട്രോളിങ് നടത്തിയിരുന്നു. പട്രോളിങ് നിലച്ചതോടെ സാമൂഹികവിരുദ്ധശല്യം വീണ്ടും ആരംഭിച്ചു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.