എം.പി ഇടപെട്ടിട്ടും രക്ഷയില്ല, കല്ലടയിലെ ഏക എ.ടി.എം ഇപ്പോഴും അടഞ്ഞ് തന്നെ
text_fieldsശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ ഏക എ.ടി.എം ഇപ്പോഴും അടഞ്ഞുതന്നെ. ഒരു വർഷത്തിലധികമായി എ.ടി.എം പ്രവർത്തനരഹിതമായത് സംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിക്കുകയും വിഷയം ശ്രദ്ധയിൽപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി അടിയന്തിരമായി എ.ടി.എം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്.ബി.ഐ കൊല്ലം റീജനൽ മാനേജർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പൊതുപ്രവർത്തകനായ കെ.സി. സുബ്രഹ്മണ്യനും പരാതി നൽകിയിരുന്നു. പുതിയ എ.ടി.എം ഒരു മാസത്തിനുള്ളിൽ എത്തിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നങ്കിലും നടപടി ഇനിയും ഉണ്ടായിട്ടില്ല.
ബാങ്കിങ് സൗകര്യം പരിമിതമായ പടി. കല്ലടയിൽ വിവിധ സംഘടനകളുടെ നിരന്തര പരിശ്രമത്തെതുടർന്നാണ് മൂന്നുവർഷം മുമ്പാണ് എസ്.ബി.ഐ എ.ടി.എം തുറക്കാൻ തയാറായത്. യാത്രാ സൗകര്യം പരിമിതമായ പടിഞ്ഞാറെ കല്ലടയിൽ നിന്ന് 200 രൂപവരെ ഓട്ടോകൂലി കൊടുത്ത് കാരാളിമുക്കിലോ ഭരണിക്കാവിലോ കിഴക്കേ കല്ലടയിലോ പോയി വേണം പണം എടുക്കാൻ.