കാമറയും മാലിന്യനിക്ഷേപ ബോട്ടിലും കാടുകയറി
text_fieldsചക്കുവള്ളി ജങ്ഷനിൽ സ്ഥാപിച്ച മാലിന്യനിക്ഷേപ ബോട്ടിൽ കാടുകയറിയ നിലയിൽ
ശാസ്താംകോട്ട: ചക്കുവള്ളിയിൽ മാലിന്യനിക്ഷേപകരെ പിടികൂടാൻ സ്ഥാപിച്ച നിരീക്ഷണ കാമറയും മാലിന്യം ശേഖരിക്കാൻവെച്ച കൂറ്റൻ ബോട്ടിലും കാടുമൂടിയതായി പരാതി. ചക്കുവള്ളി ടൗണിലും പരിസരങ്ങളിലും മാലിന്യംതള്ളുന്നത് വർധിച്ചതോടെ അതിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാമറ സ്ഥാപിച്ചത്.
ഏറെ കൊട്ടിഘോഷിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. മാലിന്യം നിക്ഷേപിക്കാനായി കൂറ്റൻ ബോട്ടിൽബൂത്തും സ്ഥാപിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ ഇവ രണ്ടും കാടുമൂടുകയായിരുന്നു.
വള്ളിപ്പടർപ്പുകളും മറ്റും പടർന്നുകയറി കാമറയും ബോട്ടിൽ ബൂത്തും ഇപ്പോൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ മാലിന്യനിക്ഷേപം ഇപ്പോഴും തകൃതിയാണ്. നിരീക്ഷണ കാമറ ഉൾപ്പെടെ കാടുമൂടിയത് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഇവിടേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ലെന്ന് പരാതിയുമുണ്ട്.


