സാമ്പത്തിക തട്ടിപ്പ്: പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങി
text_fieldsശാസ്താംകോട്ട: ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പൊലീസിനെ വെട്ടിച്ച് മുങ്ങി. പോരുവഴി അമ്പലത്തുംഭാഗം കോട്ടപ്പുറത്ത് സനലാണ് (25) മുങ്ങിയത്.ഇയാളുടെ പിതാവ്, മാതാവ് എന്നിവർക്കെതിരെയും ശൂരനാട് പൊലീസ് കേസെടുത്തു. കിളിമാനൂർ പഴയാകുന്നുമേൽ തട്ടത്തുമല പാറക്കട വൃന്ദാവൻ ഹരികൃഷ്ണൻ, ഭാര്യ മാധു എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കോഴിഫാമുകൾ വൻ വിലക്ക് മറിച്ചുവിൽക്കുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഇവരുടെ പക്കൽ നിന്നും 18 ലക്ഷം രൂപയാണ് പലപ്പോഴായി മൂവരും ചേർന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം പണം തിരികെ ആവശ്യപ്പെട്ട് ഇവർ വീട്ടിലെത്തിയപ്പോൾ തങ്ങളുടെ വീട്ടിൽ മോഷ്ടാവ് കയറിയതായി അറിയിച്ച് ഒന്നാം പ്രതി സനൽ ശൂരനാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും സനൽ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാനത്താകമാനം നിരവധിയാളുകൾക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായാണ് അറിയുന്നത്. കോട്ടയം കറുകച്ചാൽ സ്വദേശി ഹരികൃഷ്ണൻ, ഏറ്റുമാനൂർ സ്വദേശി അനിൽ തോമസ് എന്നിവർക്ക് 50 ലക്ഷം രൂപയോളം നഷ്ടമായിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ പരാതികൾ ഉണ്ടാകാനാണ് സാധ്യത..