ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിന് തുക അനുവദിച്ചു
text_fieldsശാസ്താംകോട്ട: റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് തന്റെ അഭ്യർഥന മാനിച്ച് റെയിൽവേ ബോർഡ് ഏഴുകോടി അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞ സന്ദർശനത്തിൽ യാത്രക്കാരും വിവിധ സംഘടന പ്രതിനിധികളും മുന്നോട്ടുവെച്ച പ്രധാന ആവശ്യം ആയിരുന്നു ശാസ്താംകോട്ട സ്റ്റേഷന്റെ ആധുനികവത്കരണം. അന്ന് നൽകിയ ഉറപ്പാണ് യാഥാർഥ്യമാകുന്നത്. സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ നവീകരണവും പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീക രണവും നടപ്പിലാക്കും.
പുതിയ ശൗചാലയങ്ങളും കാത്തിരിപ്പുകേന്ദ്രവും നിർമിക്കും. പഴയ സ്റ്റേഷൻ കെട്ടിടം പുനരുദ്ധരിക്കുകയും ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം, കോച്ച് പൊസിഷൻ ഡിസ്പ്ലേ യൂനിറ്റ്, കാറ്ററിങ് സ്റ്റാളുകൾ, ഇരിപ്പിടങ്ങൾ, കുടിവെള്ള സംവിധാനം, മാലിന്യനിർമാർജന സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
കൂടാതെ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണം, ലിഫ്റ്റ്, ദിശാബോർഡുകൾ, പ്ലാറ്റ്ഫോമുകളിൽ ലൈറ്റും ഫാനും ഉൾപ്പെടെ സൗകരങ്ങളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പദ്ധതിയുടെ വിശദമായ രൂപരേഖ പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ ടെൻഡർ നടപടി ആരംഭിക്കും.
നിലവിൽ നിരവധി എക്സ്പ്രസ് ട്രെയിനുകൾക്കൊപ്പം പുതുതായി അനുവദിച്ചിട്ടുള്ള സ്പെഷൽ ട്രെയിനുകൾക്കും ശാസ്താംകോട്ടയിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഉടൻ തന്നെ ഏറനാട് എക്സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കും.
സ്റ്റേഷന്റെ വികസനത്തിനായി തിരുവനന്തപുരം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർന്ന എം.പിമാരുടെ യോഗത്തിലും ഡൽഹിയിൽ റെയിൽവേ മന്ത്രിയേയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽകണ്ടും ആവശ്യങ്ങൾ ഉന്നയിച്ചതിന്റെ ഫലമായിട്ടാണ് ഈ നേട്ടങ്ങളെന്ന് എം.പി വ്യക്തമാക്കി.