ആ ഓമന കിടാവിനെ കണ്ടവരുണ്ടോ...?
text_fieldsകാണാതായ പശു
ശാസ്താംകോട്ട: ഒരു കുടുംബം ഒന്നാകെ സ്നേഹം വാരിക്കോരിനൽകി വളർത്തിയ ആ കിടാവിനെ കണ്ടവരുണ്ടോ...?. കാപ്പിപ്പൊടി നിറമുള്ള, ഇടതുവശത്തെ കാതിൽ കമ്മലിട്ടപ്പോൾ ഉണ്ടായ മുറിവ് കരിഞ്ഞുണങ്ങിയ പാടുള്ള, ആരെയും ഉപദ്രവിക്കാത്ത,നല്ല ഇണക്കമുള്ള കിടാവിനെ...ഒരു പക്ഷേ, അവൾ ഇപ്പോൾ ഒരു പശുവായി മാറിയിരിക്കാം. എങ്കിലും ഒരു കുടുംബം ഒന്നാകെ അവളെ കാത്തിരിക്കുന്നു.
കണ്ടുകിട്ടിയാൽ, തിരികെ കൊടുക്കാൻ തയാറായാൽ, മോഹവില കൊടുത്തും അവർ അതിനെ വാങ്ങും. കാരണം അവരുടെ കുടുംബത്തിന്റെ സന്തോഷം തിരികെക്കിട്ടാൻ ഈ കിടാരി (പശു)വളരെ അത്യാവശ്യമാണ്. ഒമ്പത് മാസത്തിന് മുമ്പാണ് സംഭവത്തിന് തുടക്കം.
അതിനും ഒന്നരവർഷം മുമ്പ് കിടാരി വളർത്തൽ പദ്ധതിപ്രകാരം നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരു കുടുംബത്തിന് അഞ്ച്-ആറ് മാസം പ്രായമുള്ള ഒരു കിടാരിയെ നൽകി. അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്നതായിരുന്നു ഈ കൊച്ചുകുടുംബം.
പശുവിനെ വളർത്തി മുൻപരിചയം ഒന്നും ഇല്ലാത്ത ഈ കുടുംബം കിടാരിയെ വളർത്തി വലുതാക്കി. മാളു എന്ന് പേരും ഇട്ടു. വിട്ടിലെ പെൺകുട്ടിയായിരുന്നു കിടാരിയെ നോക്കാൻ മുമ്പന്തിയിൽ നിന്നത്. ഒന്നര വർഷത്തിനുശേഷം കിടാവിനെ കുത്തിവെപ്പിച്ചു. അച്ചനും അമ്മയും സഹോദരനും ഇവരുടെ ചെറിയ തൊഴിൽ തേടി പോകേണ്ടതിനാലും പെൺകുട്ടിക്ക് പഠിക്കാൻ പോകേണ്ടതിനാലും കിടാവിനെ നോക്കുന്നത് ബുദ്ധിമുട്ടായി.
ഇതോടെ വിൽക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു. വിവരം ഒന്നുരണ്ട് പേരോട് പറഞ്ഞതോടെ വീട്ടിൽനിന്ന് കുറെ അകലെയുള്ള ഒരു കച്ചവടക്കാരൻ പാഞ്ഞെത്തി. കച്ചവടക്കാർക്ക് കൊടുക്കില്ലെന്നും വീടിന് സമീപം ഉള്ളവരും വളർത്തുന്ന വരുമായവർക്കേ കിടാവിനെ നൽകൂ എന്ന് കുടുംബം പറഞ്ഞെങ്കിലും ഇതിനെ താൻ വളർത്തിക്കൊള്ളാം എന്ന് നൂറുശതമാനം ഉറപ്പ് നൽകിയതോടെ മനസ്സില്ലാമനസ്സോടെ ഇവർ നൽകി.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കച്ചവടക്കാരൻ കിടാവിനെ വിറ്റു. ഒരു പക്ഷേ കശാപ്പുകാർക്ക് കൊടുത്തതായിരിക്കും എന്ന് പെൺകുട്ടി അറിഞ്ഞതോടെ അവൾ കടുത്ത മാനസിക വിഷമത്തിലായി. ഇതോടെ വീട്ടുകാർ കച്ചവടക്കാരനെ തേടിയെത്തി. ആദ്യമൊന്നും പറയാൻ തയാറാകാതിരിരുന്ന കച്ചവടക്കാരൻ പിന്നീട് കിടാവിനെ ശൂരനാട് വയ്യാങ്കര ചന്തയിലാണ് വിറ്റതെന്ന് പറഞ്ഞു.
ശാസ്താംകോട്ട ഭാഗത്തുള്ളവരാണ് വാങ്ങിക്കൊണ്ടുപോയതെന്ന അറിവ് ലഭിച്ചതോടെ അന്വഷണം ആ ഭാഗത്തേക്ക് വ്യാപിപ്പിച്ചു. ഓരോ സ്ഥലത്തെയും ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളും കേന്ദ്രീകരിച്ച് അന്വേഷിക്കുമ്പോൾ പുതിയ അറിവ് ലഭിക്കും. പിന്നീട് അന്വേഷണം അങ്ങോട്ടേക്ക് മാറ്റും.
കഴിഞ്ഞ ഒമ്പത് മാസമായി അന്വേഷിച്ചിട്ടും കിടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ പെൺകുട്ടിയുടെ അവസ്ഥ വളരെ മോശമായി. സമാന രീതിയിലുള്ള മറ്റൊരു കിടാവിനെ കൊണ്ടുവന്ന് കാണിച്ചിട്ടും പെൺകുട്ടി തിരിച്ചറിഞ്ഞു.
ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഉഴലുകയാണ് കുടുംബം. തിരികെ കിട്ടിയില്ലെങ്കിലും ഒന്ന് കാണിച്ചുകൊടുക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് കുടുംബം ഇപ്പോൾ അതിയായി ആഗ്രഹിക്കുന്നത്. അതിന് വേണ്ടി, ഒരു ഫോൺകോൾ കാത്തിരിക്കുകയാണ് കുടുംബം. കണ്ടുകിട്ടുന്നവർ ഫോൺ: 9207311299.