ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നിരവധി എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉള്ള ഇവിടെ ബുധനാഴ്ച മുതൽ ഏറനാട് എക്സ്പ്രസിനും എട്ടോളം ഓണം സ്പെഷൽ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് വിതരണത്തിന് ഒറ്റ കൗണ്ടർ മാത്രമാണെന്നതാണ് ഈ സ്റ്റേഷനിലെ ഏറ്റവും വലിയ ദുരിതം.
സാധാരണ ടിക്കറ്റ്, റിസർവേഷൻ, തത്ക്കാൽ തുടങ്ങി എല്ലാ ടിക്കറ്റുകളുടെ വിതരണത്തിനും ഒറ്റ കൗണ്ടർ മാത്രമാണുള്ളത്. ഇതുമൂലം മണിക്കൂറുകൾ കാത്ത് നിന്നാലും റിസർവേഷനും തത്ക്കാൽ ടിക്കറ്റും ലഭിക്കാത്ത സാഹചര്യം ഉണ്ട്. പ്ലാറ്റ്ഫോമുകൾക്ക് ആവശ്യത്തിന് മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയാണ്. പ്ലാറ്റ്ഫോമുകളും സ്റ്റേഷൻ പരിസരവും കാട് പിടിച്ച് കിടക്കുന്നതിനാൽ പാമ്പ് ശല്യം രൂക്ഷമാണ്.
പ്ലാറ്റ്ഫോമിൽ ആവശ്യത്തിന് കുടിവെള്ള, ശുചിമുറി സൗകര്യങ്ങളില്ല. പുതിയ സ്റ്റേഷൻ കെട്ടിടത്തിന് മുന്നിൽ ഇരിപ്പിടങ്ങളോ ഫാൻ സൗകര്യമോ ഇല്ല. പ്രധാന ജങ്ഷനുകളിൽ നിന്ന് 2-3 കിലോമീറ്റർ ഉള്ളിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.
ഇവിടേക്കുള്ള മിക്ക റോഡുകളും തകർന്ന് കിടക്കുകയാണ്. കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ - കുറ്റിയിൽ മുക്ക് റോഡ് നിർമാണത്തിന് രണ്ടുകോടി രൂപ സംസ്ഥാന സർക്കാറും റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഏഴു കോടി രൂപ റെയിൽവേയും അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് റെയിൽ സിറ്റി വാട്സാപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു..