മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്; ഫണ്ട് ചെലവഴിച്ചത് വാർഡ് മാറിയെന്ന്; അംഗത്തിനെതിരെ പ്രതിഷേധം
text_fieldsറെയിൽവേയുടെ സ്ഥലത്തെ അനധികൃത നിർമാണം നിർത്തിവെച്ചനിലയിൽ
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വേങ്ങ കിഴക്ക് ഒമ്പതാം വാർഡിൽ ചെലവഴിക്കേണ്ടിയിരുന്ന 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വാർഡ് മാറ്റി പത്താം വാർഡിൽ ചെലവഴിച്ചതായി പരാതി.
2024-25 ലെ വികസന ഫണ്ടാണ് വാർഡ് മാറ്റി ചെലവഴിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി ഒമ്പതാം വാർഡ് യു.ഡി.എഫ് കമ്മിറ്റി രംഗത്തെത്തി. ഒമ്പതാം വാർഡ് അംഗം താമസിക്കുന്നത് പത്താം വാർഡിലാണ്. വീടിന് സമീപം ഇവരുടെ സൗകര്യത്തിനായി ഓട നിർമാണത്തിനായി പണം ചെലവഴിക്കുകയായിരുന്നത്രേ. ഓടയുടെ ഒരു ഭാഗം റെയിൽവേയുടെ ഭൂമിയിൽ അനുമതിയില്ലാതെ പണിതതിനെ തുടർന്ന് റെയിൽവേ സ്റ്റോപ് മെമ്മോ കൊടുത്ത് പണി നിർത്തിവെപ്പിച്ചു. ഇതോടെ പണം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് പ്രതിഷേധക്കാർ പറയുന്നു.
പഞ്ചായത്തംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് ഒമ്പതാം വാർഡ് കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്കും മറ്റ് അധികൃതർക്കും പരാതി നൽകി. പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ സതീശൻപിള്ള, ജി. ശ്രീകുമാർ, സലാഹുദ്ദീൻ, മുജീബ് എന്നിവർ സംസാരിച്ചു.