മൈനാഗപ്പള്ളി മേൽപാലം യാഥാർഥ്യമായില്ല; യാത്രാദുരിതം തുടരുന്നു
text_fieldsമൈനാഗപ്പള്ളി റെയിൽവേഗേറ്റ് അടച്ചതുമൂലം കുടുങ്ങിക്കിടക്കുന്ന ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ
ശാസ്താംകോട്ട: മൈനാഗപ്പള്ളി മേൽപാലം യാഥാർഥ്യമാകാത്തതിനാൽ ജനങ്ങളുടെ യാത്രാദുരിതം തുടരുന്നു. കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി പുത്തൻചന്തക്ക് സമീപം തടത്തിൽമുക്കിൽ മേൽപാലം വേണമെന്ന ആവശ്യത്തിന് കരുനാഗപ്പള്ളിയിലെ മാളിയേക്കലിൽ പാലം വേണമെന്ന ആവശ്യത്തോളം പഴക്കമുണ്ട്. മാളിയേക്കലിൽ മേൽപാലം നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുത്തിട്ടും മൈനാഗപ്പള്ളിയിൽ പ്രാഥമിക നടപടിപോലുമായില്ല.
കുന്നത്തൂർ നിവാസികളുടെ വലിയ യാത്രദുരിതമാണ് മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ്. ഗേറ്റ് അടച്ചിടുന്നത് മൂലം യഥാസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയാറില്ല. ചില സമയങ്ങളിൽ മൂന്ന് ട്രെയിൻ കടന്ന് പോകുന്നതുവരെ ഗേറ്റ് അടച്ചിടാറുണ്ട്. ഇത് മൂലം അത്യാഹിതങ്ങളിൽപ്പെട്ട് വരുന്നവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
ഗേറ്റ് അടച്ചിടുന്നത് മൂലം ബസുകൾക്ക് സമയനിഷ്ഠ പാലിച്ച് സർവിസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ മത്സരഓട്ടം നടത്തുക പതിവാണ്. മേൽപാലം വേണമെന്ന ആവശ്യത്തിൽ ആക്ഷൻ കൗൺസിൽ വരെ രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. വിഷയം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം ഇടപെട്ട് 2012 മാർച്ചിൽ മേൽപാലം നിർമിക്കാൻ റെയിൽവേയുടെ അനുമതി നേടിയിരുന്നു. ഇത് ഡിപ്പോസിറ്റ് വർക്ക് ആയതിനാൽ മേൽപാല നിർമാണത്തിന് ഫണ്ട് കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരാണ്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ൽ കിഫ്ബിയിൽ നിന്ന് 50 കോടി മേൽപാല നിർമാണത്തിന് അനുവദിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വസ്തു ഉടമസ്ഥരുടെ തുക കൈമാറാൻ കഴിയാത്തതിനാൽ ടെൻഡർ നടപടികളും നീളുകയാണ്.