ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യക്ക് തുടക്കം
text_fieldsശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരൻമാർ ഓണസദ്യ
ഉണ്ണുന്നു
ശാസ്താംകോട്ട : പതിവുതെറ്റിക്കാതെ ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരൻമാർക്കുള്ള ഓണസദ്യ ആരംഭിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകൾ അവസാനിച്ച് പതിനൊന്നോടെയാണ് സദ്യവട്ടങ്ങൾ ആരംഭിച്ചത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള വാനരഭോജനശാലയിൽ തൂശനില ഇട്ട് പച്ചടി, കിച്ചടി, അവിയൽ, തോരൻ അടക്കമുള്ള പതിനൊന്ന് കൂട്ടം കറികളും ഉപ്പേരി, ശർക്കരവരട്ടി, പഴം, പപ്പടം തുടങ്ങിയ വിഭവങ്ങളും ആദ്യം വിളമ്പി.
പിന്നെ ചോറിട്ട് പരിപ്പ്, സാമ്പാർ, പുളിശ്ശേരി, രസം തുടങ്ങിയ ഒഴിച്ചു കൂട്ടാനുകളും വിളമ്പിയതോടെ അക്ഷമരായി സമീപത്തെ മരച്ചില്ലകളിലും മതിലിലും പാഞ്ഞടുക്കാൻ തക്കം പാർത്തിരുന്നു. രണ്ട് തരം പായസവും വിളമ്പി വിളമ്പുകാർ മാറിയതോടെ വാനരപ്പട സദ്യ ഉണ്ണാനായി പാഞ്ഞടുക്കുകയായിരുന്നു. കൂട്ടത്തിൽ മുതിർന്നവർ വിഭവങ്ങൾ ഓരോന്ന് കഴിച്ച് കുഴപ്പമില്ലന്ന് ഉറപ്പ് വരുത്തിയതോടെയാണ് മറ്റുള്ളവരും ഭക്ഷിച്ചു തുടങ്ങിയത്. കൈക്കുഞ്ഞുങ്ങളുമായും ചിലർ സദ്യ കഴിക്കാനെത്തിയത് കാണികളിൽ കൗതുകമുണർത്തി.
തമ്മിൽ കലമ്പിയും കൈയ്യിട്ട് വാരിയും ഭോജനം ആരംഭിച്ചതോടെ വാനരഭോജനശാല യുദ്ധക്കളത്തിന് സമാനമായി. ശാസ്താംകോട്ട സ്വദേശിയായ എം.വി അരവിന്ദാക്ഷൻ നായരാണ് ഉത്രാട സദ്യ ആരംഭിച്ചത്. കഴിഞ്ഞ 25 വർഷത്തിലധികമായി അരവിന്ദാക്ഷൻ നായർ ക്ഷേത്രത്തിലെ വാനരൻമാർക്ക് സദ്യ നൽകുന്നുണ്ട്. തിരുവോണ ദിവസമായ ബുധനാഴ്ച ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ പിള്ളയുടെ വകയായി തിരുവോണ സദ്യയും നടക്കും.


