കുന്നത്തൂർ താലൂക്കിൽ മുണ്ടിനീര് വ്യാപകം; മൗനം തുടർന്ന് ആരോഗ്യവകുപ്പ്
text_fieldsശാസ്താംകോട്ട: നാടാകെ കുട്ടികളിൽ മുണ്ടിനീര് പടർന്നുപിടിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ആരോഗ്യവകുപ്പിന്‍റെ നടപടിയിൽ വ്യാപക പ്രതിഷേധം. കുന്നത്തൂർ താലൂക്കിലെമ്പാടും മുണ്ടിനീര് വ്യാപകമായതോടെ നിരവധി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.കൂടുതൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് നീങ്ങുകയുമാണ്.
ചില സ്കൂളുകൾ രണ്ടാംതവണയും അടച്ചിടേണ്ടി വന്നിട്ടുണ്ട്. മൂന്നാഴ്ചയെങ്കിലും സ്കൂളുകൾ അടച്ചിടേണ്ടിവരുന്നതോടെ സ്കൂളിലെ പഠന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഈ മാസം 17 മുതൽ സ്കൂളുകളിൽ പരീക്ഷ ആരംഭിക്കാനിരിക്കെ മൂന്നുമാസം മുമ്പ് തന്നെ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് വ്യാപകമായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതർ ആരോഗ്യവകുപ്പ് അധികൃതരെയും പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായത്. ഈ കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്.
മുണ്ടിനീരിന് പ്രത്യേകിച്ച് മരുന്നുകൾ ഇല്ല. പ്രതിരോധ വാക്സിനേ ഉള്ളു. കുട്ടികളിൽ 15-ാം മാസത്തിൽ കുത്തിവെക്കേണ്ട പ്രതിരോധ വാക്സിനുകളിൽ മുണ്ടിനീരിന്‍റെ വാക്സിൻ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി സർക്കാർ വിതരണം ചെയ്യുന്നില്ല. ഇതാണ് ഇപ്പോൾ മുണ്ടിനീര് വ്യാപകമാകാൻ കാരണം. സ്വകാര്യ ആശുപത്രികളിൽ ഈ വാക്സിൻ ലഭ്യമാണങ്കിലും ഇതിന് 1500 ഓളം രൂപ വിലയുണ്ട്. ഇത്രയും ഉയർന്ന തുക കൊടുത്ത് വാക്സിൻ എടുക്കാൻ കുട്ടികളുടെ മാതാപിതാക്കൾ തയാറാകുന്നുമില്ല.
കുട്ടികളിൽ മുണ്ടിനീര് വ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളിൽ അണുവിമുക്തമാക്കുന്നതിനും ആരോഗ്യവകുപ്പിന്‍റെ സഹകരണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.


