ഇരിപ്പിടമില്ല; ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വലഞ്ഞ് യാത്രക്കാർ
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ മുൻഭാഗത്ത് ഇരിപ്പിട സൗകര്യമില്ലാത്ത അവസ്ഥ
ശാസ്താംകോട്ട: എക്സ്പ്രസ് ഉൾപ്പെടെ നിരവധി ടെയിനുകൾക്ക് സ്റ്റോപ് ഉള്ളതും നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി എത്തിച്ചേരുന്നതുമായ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ കെട്ടിടം പണിഞ്ഞിട്ടും യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് പരാതി.
പ്രത്യേകിച്ചും ഇരിപ്പിടങ്ങൾ ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് പുതിയ കെട്ടിടം പണിയുകയും രണ്ടുവർഷം മുമ്പ് സ്റ്റേഷന്റെ പ്രവർത്തനം പൂർണതോതിൽ ഇങ്ങോട്ട് മാറുകയും ചെയ്തിരുന്നു.തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിലവിലുണ്ടായിരുന്ന സ്റ്റേഷൻ കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിർമിച്ചത്.
നിലവിലെ കെട്ടിടം പ്ലാറ്റ്ഫോമിന്റെ ഏറ്റവും അറ്റത്ത് എൻജിൻ വന്ന് നിൽക്കുന്ന ഭാഗത്തായിരുന്നു. സൗകര്യവും കുറവായതിനാലാണ് പുതിയ കെട്ടിടം പണിതത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള മുൻഭാഗത്തെ ജനറൽ കംപാർട്ടുമെന്റ് ഏകദേശം വന്ന് നിൽക്കുന്നത് പുതിയ കെട്ടിടത്തിന് സമീപത്താണ്. അതിനാൽ ഒട്ടുമിക്ക യാത്രക്കാരും വന്ന് നിൽക്കുന്നത് പുതിയ കെട്ടിടത്തിന് മുന്നിലാണ്.
ഇവിടെ കസേരകളോ സിമന്റ് ബെഞ്ചുകളോ ഇല്ലാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്. ആർ.സി.സി, ശ്രീചിത്ര, മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധആശുപത്രികളിലേക്ക് പോകേണ്ട രോഗികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. സ്റ്റേഷൻ കെട്ടിടത്തിന്റെ പ്ലാറ്റ്ഫോം ഭാഗത്തെ റൂഫിങ് അലൂമിനിയമായതിനാൽ വേനൽകാലത്ത് കടുത്ത ചൂടാണ് ട്രെയിൻ കാത്തുനിൽക്കുന്നവർക്ക് അനുഭവപ്പെടുന്നത്. എന്നാൽ, ഒറ്റ ഫാൻ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. പ്ലാറ്റ് ഫോമിൽ കൂടിവെള്ള സൗകര്യം അടക്കം ഒന്നും സ്ഥാപിച്ചിട്ടില്ല.
ചുരുക്കത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ കെട്ടിടം പണിതിട്ടും യാത്രക്കാർക്ക് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. ജനറൽ കംപാർട്ട്മെന്റുകൾ വന്ന് നിൽക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ പല ഭാഗത്തും പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലും ഏൽക്കേണ്ട അവസ്ഥയുമാണ്.