പാഴായത് ഒരു കോടി; അംബേദ്കർ ഗ്രാമം പദ്ധതി പാതിവഴിയിൽ
text_fieldsകോവൂർ കോളനിയിലെ നിർമാണങ്ങൾ തകർന്ന നിലയിൽ
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോവൂർ കോളനിയുടെ അടിസ്ഥാനവികസനം ലക്ഷ്യമിട്ട് നടപ്പാക്കാൻ വിഭാവനം ചെയ്ത അംബേദ്കർ ഗ്രാമം പദ്ധതി പാതിവഴിയിൽ നിലച്ചതായി പരാതി. പട്ടികജാതി വികസന വകുപ്പ് മുഖാന്തരം സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും പദ്ധതി തുടങ്ങിയിടത്തുതന്നെയാണെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടുപുരയിടങ്ങൾക്ക് സംരക്ഷണഭിത്തി, ഇടറോഡുകൾ ടൈൽ പാകി മോടിപിടിപ്പിക്കുക, റോഡ് നവീകരണം എന്നിവയാണ് നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ ഉദ്ഘാടന മാമാങ്കം കഴിഞ്ഞതോടെ നിർമാണ പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നത്രെ.
പാവപ്പെട്ടവർ മാത്രം അധിവസിക്കുന്ന 85 വീടുകളാണ് കോളനിയിലുള്ളത്. ഇതിൽ പല വീടുകളുടെയും നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. കോളനിയുടെ തെക്ക് ഭാഗത്ത് കല്ലുവെട്ടി മാറ്റിയ വലിയ കുഴിയിലേക്ക് മൂന്നോളം വീടുകളിലെ ശുചിമുറികൾ ഏതു നിമിഷവും നിലംപതിക്കാറായ അവസ്ഥയാണ്. പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി സൂചനയുണ്ട്. തുടക്കത്തിൽ ചില നിർമാണസാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാരൻ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പദ്ധതിയെക്കുറിച്ച് തിരക്കുമ്പോൾ പ്രദേശവാസി കൂടിയായ എം.എൽ.എ കൈമലർത്തുകയാണെന്നും നാട്ടുകാർ പറയുന്നു.
അതിനിടെ കോവൂർ അംബേദ്കർ ഗ്രാമം പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം എം.എൽ.എ ഓഫിസ് ഉപരോധമടക്കം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ആർ.വൈ.എഫ് മൈനാഗപ്പള്ളി ലോക്കൽ കൺവെൻഷൻ മുന്നറിയിപ്പ് നൽകി. കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വിഷ്ണു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡൻറ് ശ്യാം മണ്ണൂർക്കാവ് അധ്യക്ഷത വഹിച്ചു. ഉല്ലാസ് കോവൂർ, ജി. ശ്രീകുമാർ, എസ്. അനിൽകുമാർ, എസ്. സരിത, ബി. മണിക്കുട്ടൻ, അഷ്കർ റസാഖ്, എസ്. സജിത്ത്, ബി. പ്രദീപ്, പ്രസന്നൻ പുന്നമൂടൻ, കെ. ഓമനക്കുട്ടൻ, ബിനു നാഥ്, സുബിൻ പീതാംബരൻ, അഭിനവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഷ്ക്കർ റസാഖ്(പ്രസി.), ശ്യാം മണ്ണൂർക്കാവ് (സെക്ര.).