പഞ്ചായത്തുകളിൽ നാമനിർദ്ദേശ പത്രിക നൽകാൻ തിരക്ക്
text_fieldsശാസ്താംകോട്ട: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. ഗ്രാമ പഞ്ചായത്തുകളിലാണ് ഏറെ തിരക്ക്. ഓരോ ഉദ്യോഗസ്ഥരെ റിട്ടേണിങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെങ്കിലും അതാത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ അസി. റിട്ടേണിങ് ഓഫീസർമാരായും നിയമിച്ചിട്ടുണ്ട്.
അതിനാൽ റിട്ടേണിങ് ഓഫീസറുടെ മുന്നിലോ അസി. റിട്ടേണിങ് ഓഫീസറുടെ മുന്നിലോ പത്രിക സമർപ്പിക്കാമെന്നതിനാൽ ഭൂരിപക്ഷം പേരും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ മുന്നിലാണ് എത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിലും സമാനമായ രീതിയാണ്.
ഓരോ പഞ്ചായത്തുകളിലും 18 മുതൽ 24 വരെ വാർഡുകൾ ഉണ്ടാകും. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും പിന്തുണക്കുന്നവരും പാർട്ടി പ്രവർത്തകരും ബന്ധുക്കളും അടക്കം എല്ലാവരും കൂടിയാകുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേരെ മാത്രമേ ഓഫീസിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. അപേക്ഷകൾ എല്ലാം കൃത്യമായി പരിശോധിക്കാനും സത്യപ്രസ്താവന നടത്തുന്നതിനും ഉൾപ്പെടെ ഒരാൾക്ക് തന്നെ 10-15 മിനിറ്റ് വേണ്ടിവരുന്നുണ്ട്.
ഭൂരിപക്ഷം പേരും ‘നല്ല സമയം’ നോക്കിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ തിരക്ക് കൂടിയതോടെ പലർക്കും ഇതിന് കഴിയാതെ പോകുന്നുവെന്ന പരിഭവവുമുണ്ട്. പല പഞ്ചായത്തുകളിലും മുൻഗണന ക്രമം പാലിക്കാൻ ടോക്കൺ പോലും ഏർപ്പെടുത്തിയിട്ടുണ്ട്. അവസാന ദിവസമാകുന്നതോടെ തിരക്ക് വർധിക്കാൻ സാധ്യത ഉണ്ട്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾക്ക് വേണ്ടി വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.


