പാൽ സ്വയംപര്യാപ്തതക്ക് ശാസ്ത്രീയ ചുവടുവെപ്പ്
text_fieldsലിംഗ നിർണയം നടത്തി കുത്തിവെപ്പിലൂടെ പിറന്ന പശുക്കുട്ടിയും പശുവും
ഉടമസ്ഥനായ അരുൺ കുമാറിനൊപ്പം
ശാസ്താംകോട്ട : പാൽ സ്വയം പര്യാപ്തതയിലേക്ക് ശാസ്ത്രീയമായ ഒരു ചുവടുവെപ്പുകൂടി നടത്തി മൃഗസംരക്ഷണ വകുപ്പ്. പശുക്കിടാങ്ങളുടെ സമൃദ്ധിയിലൂടെ ലക്ഷ്യംകാണുന്നതിനുള്ള പദ്ധതിയുടെ വിജയ സൂചകമായ ആദ്യകിടാവ് പിറന്നത് ജില്ലയില്‍. മൈനാഗപ്പള്ളി പെരുമന വടക്കതില്‍ അരുണ്‍ കുമാറിന്റെ വീട്ടിലാണ് പശുക്കുട്ടിയുടെ പിറവി. ലിംഗനിര്‍ണയം നടത്തി ബീജം കുത്തിവെക്കുന്ന രീതിയാണ് ലക്ഷ്യം കണ്ടത്. പശുക്കുട്ടിയുടെ ജനനം ഉറപ്പാക്കുന്ന ശാസ്ത്രീയ മാര്‍ഗമാണിത്.
പാലിന്റെ ഉൽപാദനവും പരമാവധി കൂട്ടാനാകുന്നതുവഴി സ്വയംപര്യാപ്തതയും കൈവരിക്കാനാകും. അത്യുൽപാദനക്ഷമതയുള്ള കുത്തിവെപ്പ് ജില്ലയിലെ 25 മൃഗാശുപത്രികളില്‍ ലഭ്യമാകും. കുറഞ്ഞത് 10 ലിറ്റര്‍ എങ്കിലും പാലുള്ള പശുക്കളിലാണ് ആദ്യ പരീക്ഷണം. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് വഴിയാണ് ആവശ്യമുള്ള ബീജമാത്രകള്‍ ശേഖരിക്കുന്നത്.കേരളത്തിലെ കന്നുകാലികളുടെ ഉൽപാദനക്ഷമത കൂട്ടാനാണ് പ്രോജക്ട് തുടങ്ങിയത്. എന്നാൽ, അതിൽനിന്ന് ലഭിക്കുന്നത് ഭൂരിഭാഗവും നല്ല വളർച്ച ശേഷിയുള്ള കാളക്കുട്ടികൾ ആയിരുന്നു.
ഇതിൽ നിന്നും ഒരു മാറ്റം വരുത്തുന്നതിനും കേരളത്തിലെ പാലുൽപാദനം കൂട്ടുന്നതിനും ആണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, കെ.എൽ.ഡി ബോർഡും സംയുക്തമായി ചേർന്ന് ലിംഗനിർണയം നടത്തിയ ബീജങ്ങൾ ഉപയോഗിച്ച് കൃത്രിമ ബീജധാന പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മൈനാഗപ്പള്ളി മൃഗാശുപത്രിയുടെ പരിധിയിൽ വരുന്ന കന്നുകാലികളെ ലിംഗനിർണയം നടത്തിയ ബീജമാത്രങ്ങൾ ഉപയോഗിച്ച് കുത്തിവെപ്പ് നടത്തുകയായിരുന്നു. അതിലൂടെയാണ് ആദ്യകിടാവ് ജില്ലയില്‍ പിറന്നത്. ഇങ്ങനെ ജനിക്കുന്ന പശുക്കുട്ടികൾക്ക് ഭാവിയിൽ ഉയർന്ന പാൽ ഉൽപാദനം കൈവരിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.