സീറ്റുതർക്കം; കുന്നത്തൂരിൽ ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡൻറും അടക്കം അമ്പതോളം പേർ സി.പി.എം വിട്ടു
text_fieldsശാസ്താംകോട്ട: തെരഞ്ഞെടുപ്പിലെ സിറ്റുതർക്കവുമായി ബന്ധപ്പെട്ട് കുന്നത്തൂർ പഞ്ചായത്തിലെ സി.പി.എമ്മിൽ പൊട്ടിത്തെറി. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡൻറും അടക്കം അമ്പതോളം പേർ പാർട്ടി വിട്ടു. പുത്തനമ്പലം ബ്രാഞ്ച് സെക്രട്ടറി ശശി, പഞ്ചായത്ത് പ്രസിഡൻറ് കെ. വത്സലകുമാരി അടക്കമുള്ളവരാണ് പാർട്ടി വിട്ടത്. കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല പുത്തനമ്പലം 9-ാംവാർഡിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം.
പഞ്ചായത്ത് പ്രസിഡൻറ് കെ. വത്സലകുമാരിയാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. വാർഡ് ജനറൽ ആയതോടെ ഡി.വൈ.എഫ്.ഐ നേതാവും വത്സല കുമാരിയുടെ സഹോദര പുത്രനുമായ ആദർശ് യശോധരനെ സ്ഥാനാർഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.
നേതൃത്വം ആവശ്യം ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് തീരുമാനത്തിൽ നിന്ന് മാറുകയും ചെയ്തു. ഇതിനിടെ ആദർശ് വാർഡിൽ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ, നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറും നാലാം വാർഡ് അംഗവുമായ ബിനീഷ് കടമ്പനാടിനെ മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതോടെ തർക്കം ഉടലെടുത്തു.
തീരുമാനത്തിൽ നേതൃത്വം ഉറച്ചുനിന്നതോടെയാണ് വത്സലകുമാരി ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ നിന്നും രാജിവെച്ചത്. പാർട്ടിവിട്ട ആദർശ് യശോധരൻ വിമത സ്ഥാനാർഥിയായി മത്സരിക്കാനാണ് തീരുമാനം. വാർഡ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ളയാളെ പരിഗണിക്കാതെ, സാമ്പത്തിക തിരിമറിയിൽ വിജിലൻസ് കേസുള്ളയാളെ സ്ഥാനാർഥിയാക്കിയെന്നാണ് പാർട്ടി വിട്ടവരുടെ ആരോപണം.


