കാട് കയറി ഫ്ലാറ്റ്ഫോം; പരിഭ്രാന്തി പരത്തി കൂറ്റൻ അണലി
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പ്ലാറ് ഫോമിൽ തിങ്കളാഴ്ച കണ്ട അണലി
ശാസ്താംകോട്ട: നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി യാത്രചെയ്യുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൂറ്റൻ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ട്രെയിൻ കയറാൻ എത്തിയവരാണ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൂറ്റൻ അണലിയെ കണ്ടത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളും മിക്കവാറും കാടുമൂടി കിടക്കുകയാണ് പതിവ്. യാത്രക്കാരും വിവിധ സംഘടനകളും പ്രതിഷേധം ഉയർത്തുമ്പോൾ മാത്രമാണ് കാട് വെട്ടി തെളിക്കുന്നത്.
നിലവിൽ രണ്ട് പ്ലാറ്റ്ഫോമും കാടുകയറി കിടക്കുകയാണ്. യാത്രക്കർക്ക് ഇരിക്കാനുള്ള ബഞ്ചുകൾ പോലും കാടിനുള്ളിലായിട്ടുണ്ട്. രാത്രിയിലും പുലർച്ചെയും ഇവിടെ ആളുകളെത്തി യാത്ര ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിന് വെളിച്ചമില്ലെന്ന പരാതിയും ഉണ്ട്. കാട് പിടിച്ച് കിടക്കുന്നതിനാൽ തെരുവ് നായയുടെയും സാമൂഹിക വിരുദ്ധരുടെയും ലഹരി വിൽപ്പനക്കാരുടെയും ശല്യം അതിരൂക്ഷമാണ്. സമീപകാലത്ത് ഇവിടെനിന്ന് നിരവധി തവണ വലിയ തോതിൽ കഞ്ചാവ് പിടികൂടിയിരുന്നു.
ഇവിടെ ആവശ്യത്തിന് കുടിവെള്ള സൗകര്യമോ ശുചിമുറി സംവിധാനങ്ങളോ ഇല്ല. പ്ലാറ്റ് ഫോമിന് പരിമിതമായി മാത്രമേ മേൽക്കൂര ഉള്ളു എന്നതിനാൽ യാത്രക്കാർ മഴയും വെയിലും ഏറ്റ് നിൽക്കേണ്ട സാഹചര്യമാണ്. തിങ്കളാഴ്ച പാമ്പിനെ കണ്ട സാഹചര്യത്തിൽ നിരവധി സംഘടന ഭാരവാഹികൾ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. രണ്ട് പ്ലാറ്റ് ഫോമുകളുടെ പുനർനിർമാണത്തിനായി 13 കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും മൂന്ന് മാസത്തിനകം പണി ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.