തെരുവ്നായ് ശല്യം രൂക്ഷം; ഇന്നലെ കടിയേറ്റത് പത്തോളം പേർക്ക്
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ നായ്ക്കൂട്ടം
ശാസ്താംകോട്ട : തെരുവ് നായ് ശല്യത്തിൽ വലഞ്ഞ് കുന്നത്തൂർ നിവാസികൾ. രണ്ട് ദിവസമായി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ, വേങ്ങ ഭാഗങ്ങളിൽ എട്ടോളം പേരെയും നിരവധി വളർത്ത് മൃഗങ്ങളെയും നായ് കടിച്ച സംഭവത്തിന് ശേഷം വ്യാഴാഴ്ച ഭരണിക്കാവിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം പേർക്ക് കടിയേറ്റു.
ബസ് സ്റ്റാൻഡ് പരിസരത്താണ് ഏഴ് പേർക്ക് കടിയേറ്റത്. മൂന്ന് പേർക്ക് സമീപ പ്രദേശങ്ങളിൽവെച്ചും. ഭരണിക്കാവിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി നെടിയവിള സ്വദേശി സിജിക്കാണ് ആദ്യം കടിയേറ്റത്. സ്റ്റാൻഡിൽ ഇറങ്ങി കടയിലേക്ക് പോകുമ്പോഴായിരുന്നു നായ് അക്രമിച്ചത്.
മുതുപിലാക്കാട് വടക്കേ വടശ്ശേരിയിൽ മിനി, ഭരണിക്കാവ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ ആയ മനക്കര രഞ്ജിത്ത് ഭവനത്തിൽ രാജൻ, ഭരണിക്കാവിലെ വ്യാപാരി ശൂരനാട് സ്വദേശി അഭിഷേക്, കൂടാതെ ഭരണിക്കാവ് പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം വിവിധ വ്യാപാരസ്ഥാപനങ്ങളിൽ സാധനം വാങ്ങാനെത്തിയ രണ്ട് രണ്ടുപേരെയും ഒരു വിദ്യാർഥിക്കും തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. മുതുപിലാക്കാട് ഊക്കൻ മുക്കിൽ വെച്ച് മുതുപിലാക്കാട് നെല്ലിപ്പുഴ വീട്ടിൽ രമ്യയെയും നായ് കടിച്ചു. ഇവർക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു.
ഭൂരിപക്ഷം പേരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചിലർ മറ്റ് ആശുപത്രികളിലേക്ക് പോയി. ഇതിനിടെ, മേഖലയിൽ നായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റ സംഭവവും ഉണ്ടായി. ശാസ്താംകോട്ട പള്ളിശ്ശേരിക്കലാണ് സംഭവം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് ആയ കരുനാഗപ്പള്ളി സ്വദേശി അഖിലാണ് ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൈക്ക് ഉൾപ്പെടെ പരിക്കേറ്റു.
നാടാകെ തെരുവ് നായ ശല്യം രൂക്ഷമായിട്ടും ഇവയെ നിയന്ത്രിക്കുന്നതിനാവശ്യമായ ഒരു നടപടിയും പഞ്ചായത്തുകൾ ചെയ്യുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഒരു പഞ്ചായത്തിലും എ.ബി.സി സെൻററുകളോ ഡോഗ് ഷെൽട്ടർ ഹോമുകളോ നിർമിക്കാൻ സ്ഥലം ലഭ്യമല്ല എന്നാണ് അധികൃതർ പറയുന്നത്.
ഗ്രാമ പഞ്ചായത്തുകളെ സഹകരണത്തോടെ ജില്ല പഞ്ചായത്ത് കുര്യോട്ടുമലയിൽ നിർമിക്കുന്ന എ.ബി.സി സെൻററിന് വിഹിതം നൽകിയിട്ടുണ്ടന്നും അത് പൂർത്തിയാകുമ്പോൾ വേണ്ട നടപടികൾ സ്വീകരിക്കാം എന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതർക്ക്.