ഉത്രാടസദ്യയുണ്ട് വാനരന്മാർ
text_fieldsശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ
ശാസ്താംകോട്ട: ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി. ധർമ്മശാസ്താവിന്റെ ഇഷ്ട തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും രണ്ട് തരം പായസവും അടക്കമുള്ള വിഭവങ്ങൾ രാവിലെ പതിനൊന്നോടെ തൂശനിലയിൽ നിരന്നു.
വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പാൻ തുടങ്ങിയതോടെ സമീപത്തെ മതിലിലും മരച്ചില്ലയിലും നിലയുറപ്പിച്ചിരുന്ന വാനരൻമാർ അക്ഷമയോടെ കാത്തിരുന്നു. വിളമ്പ് കഴിഞ്ഞ് ആളുകൾ ഭോജന ശാലയിൽ നിന്ന് മാറിയതോടെ കൂട്ടത്തിലെ തല മുതിർന്ന മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമെത്തി സദ്യ രുചിച്ചുനോക്കി.
കുഴപ്പമില്ലെന്ന് ഉറപ്പാതോടെ മറ്റുള്ളവർ കുതിച്ചെത്തി. തമ്മിൽ കലമ്പിയും കയ്യിട്ട് വാരിയും കലഹിച്ചും എല്ലാവരും സദ്യയുണ്ടു. കുട്ടി കുരങ്ങൻമാരെ ഒക്കത്തെടുത്ത് വന്നവർ അവർക്ക് സദ്യ വാരിക്കൊടുക്കുന്ന കാഴ്ച കൗതുകമായി. വാനരസദ്യ കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു. മനക്കര ശ്രീശൈലത്തിൽ എം.വി അരവിന്ദാക്ഷൻനായരുടെ വകയായിട്ടാണ് ഉത്രാട സദ്യ ഒരുക്കിയത്. തിരുവോണദിനത്തിലും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.