ഭരണിക്കാവ് ജങ്ഷൻ ഗതാഗതക്കുരുക്കിൽ
text_fieldsടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ ഭരണിക്കാവിലെ ബസ് സ്റ്റാൻഡ്
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ഏറ്റവും തിരക്കേറിയ ഭരണിക്കാവ് ജങ്ഷനിലെ ട്രാഫിക് പരിഷ്കാരം നിരന്തരം അട്ടിമറിക്കപ്പെടുന്നു. ഏറ്റവുമൊടുവിൽ മാർച്ച് അഞ്ചിന് കൂടിയ സർവകക്ഷി-ഉദ്യോഗസ്ഥതതല തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 15 മുതൽ നടപ്പാക്കാൻ തീരുമാനിച്ച പരിഷ്കാരം പിന്നിലുള്ളവർതന്നെ മറന്ന മട്ടാണ്.
നിലവിൽ കൊല്ലം-തേനീ ദേശീയപാതയും രണ്ട് സംസ്ഥാനപാതയും സംഗമിക്കുന്ന ഭരണിക്കാവ് ജങ്ഷനിൽ പണ്ട് മുതൽക്കേ വലിയ ഗതാഗതക്കുരുക്കാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾക്ക് എങ്ങനെ തിരിഞ്ഞുപോകണമെന്ന് അറിയാത്തതും ബസുകൾ അടക്കമുള്ളവ ജങ്ഷനിൽ തന്നെ നിർത്തിയിടുന്നതുമാണ് കാരണം. ഇതിന് പരിഹാരമായാണ് ഭരണിക്കാവിൽ ബസ് സ്റ്റാൻഡ് നിർമിക്കാനുള്ള തീരുമാനം. ഭരണിക്കാവിന് സമീപം വെള്ളക്കെട്ടായിരുന്ന മുസ്ലിയാർ ഫാം എന്ന സ്ഥലം മണ്ണിട്ട് നികത്തിയാണ് സ്റ്റാൻഡ് നിർമിച്ചത്.
ലക്ഷക്കണക്കിന് രൂപ ഇതിനുവേണ്ടി ചെലവഴിച്ചു. 2015 ഏപ്രിലിൽ അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഒന്നോ രണ്ടോ മാസം സ്റ്റാൻഡ് കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിലും പിന്നീട് കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ കയറാത്തതിന്റെ പേരിൽ സ്വകാര്യ ബസുകളും സ്റ്റാൻഡ് ബഹിഷ്കരിക്കുകയും പ്രവർത്തനം നിലക്കുകയുമായിരുന്നു.
പിന്നീട് നിരവധി തവണ തീരുമാനം എടുത്തെങ്കിലും പ്രാവർത്തികമായില്ല. ഏറ്റവും ഒടുവിൽ 2023 ലെ ഓണക്കാലം മുതൽ വീണ്ടും സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചങ്കിലും അതു കഴിഞ്ഞ് നടപ്പാക്കിയാൽ മതിയെന്ന ആവശ്യവുമായി വ്യാപാരി വ്യവസായികൾ രംഗത്ത് വന്നതോടെ തീരുമാനം വീണ്ടും നീണ്ടു.
ഇതിനിടയിൽ സ്റ്റാൻഡ് തകർന്ന് കിടന്നത് മറ്റൊരു തടസ്സമായി. ഇതിനെ തുടർന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി 15 ലക്ഷം രൂപ അനുവദിച്ച് സ്റ്റാൻഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 15 മുതൽ സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.
ഏതാനും മാസം മുമ്പ് ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. അതിനൊപ്പം സ്റ്റാൻഡ് പ്രവർത്തനം കൂടി ആരംഭിച്ചാലേ ജങ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകൂ.എന്നാൽ ഒരു വിഭാഗം ആളുകൾ സ്റ്റാൻഡ് ഇതിനെതമിരെ ചരടുവലിക്കുകയാണെന്നും ഇതിന് ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ ഒത്താശയുണ്ടന്നുമാണ് ആക്ഷേപം.