ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര ദുരിതം
text_fieldsതകർന്നുകിടക്കുന്ന കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡ്
ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുകയും കൂടുതൽ യാത്രക്കാർ ഇവിടേക്ക് എത്തുകയും ചെയ്യുമ്പോഴും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല. പ്രധാന ജങ്ഷനുകളിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
റെയിൽവേ സ്റ്റേഷനിലേക്കുള്ള എല്ലാ റോഡുകളും തകർന്നതാണ് യാത്രാ ദുരിതത്തിന് പ്രധാന കാരണം. കിഴക്കൻ മേഖലയിൽ ഉള്ളവർക്കും പടിഞ്ഞാറൻ മേഖലയിൽ ഉള്ളവർക്കും ഏറെ പ്രയോജനകരമായ പൈപ്പ് റോഡ് കാൽനടപോലും അസാധ്യമാകുന്ന തരത്തിൽ തകർന്നുകിടക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ് ആയ കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡും തകർന്ന് കിടക്കുകയാണ്.
റോഡിന്റെ വീതി കുറവും ഇവിടെ പ്രശനമാണ്. ചവറ - ഭരണിക്കാവ് സംസ്ഥാന പാതയിൽ പൊട്ടക്കണ്ണൻ മുക്ക്, നെല്ലിക്കുന്നത്ത് മുക്ക് എന്നിവിടങ്ങളിൽ നിന്നുള്ള റോഡും ഐ.സി.എസ് ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളും തകർന്ന് കിടക്കുകയാണ്. ശൂരനാട് മേഖലയിലുള്ളവർക്ക് റെയിൽവേ സ്റ്റേഷനിൽ എത്താൻ കഴിയുന്ന കിഴക്കിടത്ത് മുക്ക് - കോട്ടയ്ക്കകത്ത് മുക്ക് റോഡ് പുനർനിർമിച്ചെങ്കിലും ടാറിങ് പൂർത്തീകരിക്കാത്തതിനാൽ ഇവിടെയും യാത്ര ദുരിതമാണ്.
തേവലക്കര, അരിനല്ലൂർ മേഖലയിൽ ഉള്ളവർക്ക് തോപ്പിൽമുക്ക് വഴി റെയിൽവേ സ്റ്റേഷനിൽ എത്താൻ കഴിയുന്ന റോഡും തകർന്നുകിടക്കുകയാണ്. റോഡുകളുടെ വീതിക്കുറവും കയ്യേറ്റവുമാണ് മറ്റൊരു പ്രശ്നം. നിരന്തര ആവശ്യത്തെ തുടർന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് പത്തനംതിട്ടയിൽനിന്ന് ബസ് സർവിസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ സർവിസിനെപ്പോലും ബാധിക്കുന്ന തരത്തിലാണ് റോഡുകൾ തകർന്നുകിടക്കുന്നത്.
ത്രിതല പഞ്ചായത്തുകളുടെയും പി.ഡബ്ല്യു.ഡിയുടെയും അധികാരത്തിലുള്ളതാണ് ഒട്ടുമിക്ക റോഡുകളും. റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യം വർധിക്കുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങളും വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പരിശ്രമഫലമായി കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ കുറ്റിയിൽ മുക്ക് റോഡ് പുനർനിർമാണത്തിന് രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് യാത്രക്കാരും നാട്ടുകാരും.


