വിവാഹ വീട്ടിൽ അപ്രതീക്ഷിത അക്രമം;പൊലീസ് അന്വഷണം ആരംഭിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ശാസ്താംകോട്ട: കല്ലടയിൽ വിവാഹ വീട്ടിൽ ഏട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വിളന്തറ കോട്ടക്കുഴി മുക്കിന് സമീപമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്ത യുവാക്കളെ ആദ്യം ആക്രമിച്ച സംഘം പിന്നീട് വിവാഹ വീട്ടിലും എത്തി അക്രമം നടത്തുകയായിരുന്നു. തുറന്ന ജീപ്പിലും ബൈക്കുകളിലും മരണപ്പാച്ചിൽ നടത്തിയ സംഘത്തെ ചോദ്യം ചെയ്ത ശ്യാം രാജ്, ബിനു എന്നിവരെ ആദ്യം കമ്പിവടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് അക്രമിച്ചു. ഗുരുതരമായി പരിക്കറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹ വീട്ടിൽ എത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും വീടിന്റെ ജനൽ ചില്ലുകളും തകർത്തു. ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രദേശവാസികളാണ് അക്രമം നടത്തിയത്. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് അന്വഷണം ആരംഭിച്ചു.


