സ്ലാബുകൾ പൂർവസ്ഥിതിയിലാക്കിയില്ല; ‘അപകടയാത്ര’യൊരുക്കി വേങ്ങ കരാൽ ജങ്ഷൻ റെയിൽവേ ഗേറ്റ്
text_fieldsമൈനാഗപ്പള്ളി കരാൽ ജങ്ഷൻ റെയിൽവേ ഗേറ്റിനുള്ളിൽ സ്ലാബുകൾ അകന്ന നിലയിൽ
ശാസ്താംകോട്ട: വേങ്ങ കരാൽ ജങ്ഷൻ റെയിൽവേ ഗേറ്റിൽ കൂടിയുള്ള യാത്ര ദുഷ്കരം. പാളം നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്തുണ്ടായിരുന്ന സ്ലാബുകൾ ഇളക്കി മാറ്റിയത് പൂർവസ്ഥിതിയിലാക്കാത്തതാണ് കാരണം. കഴിഞ്ഞ ഡിസംബറിൽ പാളങ്ങൾക്കിടയിൽ മെറ്റലിങ്ങിനാണ് സ്ലാബ് ഇളക്കി മാറ്റിയത്. പ്രവൃത്തി കഴിഞ്ഞതോടെ സ്ലാബുകൾ ഇട്ടെങ്കിലും ടാർ മിശ്രിതം ഇട്ട് സ്ലാബുകൾക്കിടയിലുള്ള വിടവ് അടച്ചില്ല. പാളവും ഉയർന്ന് നിൽക്കുന്നതാണ് വാഹന യാത്ര ദുഷ്കരമാക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഏത് സമയവും വാഹനം മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് ഇവിടെ ഇരുചക്രവാഹന യാത്ര. മറ്റ് വാഹനങ്ങൾക്കടിയിലേക്ക് വീണാൽ വലിയ ദുരന്തമുണ്ടാകും.
റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ, വേങ്ങതെക്ക് ഭാഗത്തുള്ളവർ, ചവറ, പന്മന തേവലക്കര ഭാഗത്തേക്കും തിരിച്ച് ശാസ്താംകോട്ട ഭാഗത്തേക്കും പൈപ്പ് റോഡ് വഴി സഞ്ചരിക്കുന്നവരടക്കം നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന ഗേറ്റാണിത്. അടിയന്തരമായി ഗേറ്റ് യാത്രായോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.