കാട്ടുപന്നി ശല്യം രൂക്ഷം; നടപടിയില്ലെന്ന് പരാതി
text_fieldsശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തലും താലൂക്കിലാകയും കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും ഇതിനെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
മൈനാഗപ്പള്ളിയിൽ ആറാട്ടുകുളം ഭാഗം, തോട്ടു മുഖം, തെക്കൻ മൈനാഗപ്പള്ളി, കല്ലുകടവ് ഭാഗങ്ങളിലും പോരുവഴി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടികല്ലട തുടങ്ങിയ പഞ്ചായത്തുകളിലെ ഒട്ടുമിക്ക മേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടത്തോടെ എത്തി മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കാർഷിക വിളകളും വാഴ, തൈ തെങ്ങുകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ് പതിവ്. ഇതുമൂലം കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.
കൂടാതെ, വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം സൃഷ്ടിക്കുന്നതും പതിവാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉപദ്രവകാരികളായ കാട്ടു പന്നികളെ അംഗീകൃത ഷൂട്ടർമാരെ കൊണ്ട് വെടിവെച്ച് കൊല്ലാം എന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കുന്നത്തൂർ താലൂക്കിലെ പഞ്ചായത്തുകൾ ഇതിനു വേണ്ടി കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് പ്രധാന ആക്ഷേപം.


