വയോധികക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsതുളസീധരൻ
പത്തനാപുരം: ബൈക്കിടിച്ച് പരിക്കേറ്റ് വീട്ടിൽ കഴിയുകയായിരുന്ന വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂർ ഏനാദിമംഗലം ഈട്ടിവിള വീട്ടിൽ തുളസീധരനെ (52)യാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ട് മാസം മുമ്പ് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വയോധിക കൈയും കാലുമൊടിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ കഴിയുകയാണ്. ഇവർ തനിച്ചാണ് വീട്ടിൽ താമസിച്ചുവരുന്നത്.ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ റോഡിലൂടെ വന്ന തുളസീധരൻ, കതക് തള്ളിത്തുറന്ന് വീട്ടിനുള്ളിൽ കയറി വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
വയോധിക കിടന്നിരുന്ന കട്ടിലിൽ കയറി, അവരുടെ കവിളിലും നെഞ്ചിലും ആഞ്ഞടിച്ച പ്രതി വൃദ്ധയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കൈ കാലുകൾ പ്ലാസ്റ്ററിട്ട് കിടക്കുകയായിരുന്നതിനാൽ അവർക്ക് അക്രമിയെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.വയോധിക ഉച്ചത്തിൽ ബഹളംവെച്ചെങ്കിലും റോഡരികിൽ ആയതിനാൽ ആരും ശ്രദ്ധിച്ചില്ല.
കണ്ടാൽ അറിയാവുന്ന ആളാണ് തന്നെ ആക്രമിച്ചതെന്ന് വയോധിക പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ക്രൂരമായ മർദ്ദനത്തിനൊടുവിൽ പ്രതി വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷമാണ് രക്ഷപ്പെട്ടത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


