എസ്.ഐ.ആർ: എന്യൂമറേഷൻ കാലയളവ് ഇന്നാരംഭിക്കും
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: വോട്ടർപട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ ഭാഗമായുള്ള എന്യൂമറേഷൻ കാലയളവ് ചൊവ്വാഴ്ച ആരംഭിക്കും. ഡിസംബർ നാല് വരെയുള്ള എന്യൂമറേഷൻ കാലയളവിൽ ബൂത്ത് ലെവൽ ഓഫീസർമാർ ഭവന സന്ദർശനം നടത്തി ബന്ധപ്പെട്ട വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യും. വിവര ശേഖരണത്തിനായി മൂന്ന് തവണ ബൂത്ത് ലെവൽ ഓഫീസർമാർ ഭവന സന്ദർശനം നടത്തുന്നതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ എൻ. ദേവിദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ ഭവന സന്ദർശന വേളയിൽ നിലവിലെ വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള ഫോം, ഡിക്ലറേഷൻ ഫോം എന്നിവ വോട്ടർമാർക്ക് നൽകും. പ്രവാസി വോട്ടർമാർക്കും താത്കാലികമായി കുടിയേറിയിട്ടുള്ളവർക്കും ഓൺലൈൻ വഴി എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാൻ സാധിക്കും.സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലതല ഹെൽപ്ഡെസ്ക് കലക്ടറേറ്റിൽ ആരംഭിച്ചു.
പോളിങ് സ്റ്റേഷനുകളുടെ പുനർവിന്യാസം ഡിസംബർ നാലിന് നടക്കും. തുടർന്ന് അഞ്ച് മുതൽ എട്ട് വരെയാണ് കരട് വോട്ടർ പട്ടിക തയാറാക്കുന്നത്. എന്യൂമറേഷൻ ഫോം ലഭിച്ച എല്ലാ വോട്ടർമാരുടേയും പേര് ഉൾപ്പെടുത്തി ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആ ദിവസം മുതൽ 2026 ജനുവരി എട്ട് വരെ പരാതികളും നിർദേശങ്ങളും പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമർപ്പിക്കാനാകും.
എസ്.ഐ.ആർ മാനദണ്ഡമായി കണക്കാക്കുന്ന 2002 വോട്ടർ പട്ടിക പ്രകാരം മാപ്പ് ചെയ്യാൻ സാധിക്കാത്ത വോട്ടർമാർക്ക് നോട്ടീസ് നൽകുകയും ഹിയറിങ് നടത്തി വോട്ടർ എന്ന നിലയിലുളള സൂചക രേഖകൾ പരിശോധിച്ച് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തീർപ്പുകൽപ്പിക്കും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭ്യമാകുന്ന അപേക്ഷകളും പരാതികളും പരിശോധിച്ച് ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പകർത്തുന്ന തരത്തിൽ പല വിവരങ്ങളും പ്രചരിക്കുന്നതായി കലക്ടർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്കുള്ള സംശയ നിവാരണത്തിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിനു സമീപമാണ് ജില്ലതല ആരംഭിച്ചത്. ഹെൽപ് ലൈൻ നം:9496253672.


