ജി.എസ്.ടി വെട്ടിച്ച് വ്യാജരേഖകളുമായി ഇ-മാലിന്യം കടത്തിയത് പിടികൂടി
text_fieldsഇലക്ട്രോണിക്സ് മാലിന്യത്തിന്റെ മറവിൽ വ്യാജരേഖകളുമായി കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ ചെമ്പ് കമ്പി ജി.എസ്.ടി ഉദ്യോഗസ്ഥർ കണ്ടെയ്നർ ലോറിയിൽ നിന്നും ഇറക്കി പരിശോധിക്കുന്നു
കൊല്ലം: വ്യാജ രേഖകൾ ഉപയോഗിച്ചുള്ള ജി.എസ്.ടി രജിസ്ട്രേഷനിൽ ഇ- വേ ബിൽ ഉണ്ടാക്കി ലക്ഷങ്ങളുടെ നികുതിവെട്ടിച്ച് ഇ-മാലിന്യവും ചെമ്പ് കമ്പിയും അലൂമിനിയവും കടത്തിയത് പിടികൂടി. പുനലൂർ -പത്തനാപുരം റോഡിൽ അലിമുക്കിന് സമീപം കഴിഞ്ഞദിവസം പുലർച്ചെ ജില്ല ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയ ട്രക്കിലാണ് 30 ലക്ഷം രൂപക്ക് മുകളിലുള്ള ചരക്ക് കണ്ടെത്തിയത്.
നാല് ലക്ഷം രൂപയുടെ ഇലക്ട്രോണിക് മാലിന്യം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നുവെന്ന തരത്തിലുള്ള ഇ-വേ ബിൽ ആണ് വാഹനത്തിന്റെ ഡ്രൈവറുടെ കൈയിൽ ഉണ്ടായിരുന്നത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേട് വ്യക്തമായതോടെ ട്രക്ക് കൊല്ലത്തെ ജി.എസ്.ടി ഓഫിസിലേക്ക് മാറ്റി. ജി.എസ്.ടി രജിസ്ട്രേഷൻ രേഖകൾ വ്യാജമാണെന്നും പരിശോധനയിൽ വ്യക്തമായി. ഞായറാഴ്ച കൊല്ലത്തെ ഓഫീസിൽ വെച്ച് ട്രക്കിലെ സാധനങ്ങൾ വേർതിരിച്ച് നടത്തിയ വിശദ പരിശോധനയിൽ ബില്ലിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതൽ ഇ- മാലിന്യം കണ്ടെത്തി.
കണ്ടെയ്നർ ട്രക്കിന്റെ ആദ്യ ഭാഗത്ത്, ബില്ലിൽ കാണിച്ചിരിക്കുന്ന ഇ- മാലിന്യവും തുടർന്ന് പിറകിലേക്ക് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചനിലയിൽ രേഖകളിൽ ഇല്ലാത്ത ചെമ്പ് കമ്പിയും അലൂമിനിയവും കണ്ടെത്തിയത്. നാല് ടണ്ണോളം ചെമ്പും അലുമിനിയവും ആണ് ഉണ്ടായിരുന്നത്. ഇ -മാലിന്യം തന്നെ നാല് ലക്ഷത്തിന് മുകളിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 18 ശതമാനം ജി.എസ്.ടി വരുന്നതാണ് കണ്ടെത്തിയ ചരക്ക്. ആക്രി ചരക്ക് എന്നതിന്റെ മറവിൽ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പാണ് ലക്ഷ്യമിട്ടതെന്ന് ജി.എസ്.ടി വകുപ്പ് പരിശോധനയിൽ വ്യക്തമായി.
ഡൽഹിയിൽ നിന്ന് വസ്ത്രവും ചെരിപ്പുമായി കേരളത്തിലെത്തിയ ഹരിയാന സ്വദേശികളായ ഡ്രൈവർ മുബീൻ, സഹായി അർബാസ് എന്നിവർ ആലപ്പുഴ ചാരുംമൂട് നിന്ന് ആണ് ഇ-മാലിന്യം ട്രക്കിൽ കയറ്റിയതെന്നാണ് മൊഴി നൽകിയത്. ഡൽഹിയിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ. ജി.എസ്.ടി നിയമപ്രകാരം ഡ്രൈവർക്ക് പിഴ അടക്കാൻ നോട്ടീസ് നൽകും. ജി.എസ്.ടി ഇരട്ടി പിഴക്കൊപ്പം ട്രക്കിന് പ്രത്യേകം പിഴയുമുണ്ടാകും. 90 ദിവസത്തിനകം പിഴ അടച്ചാൽ ചരക്കും വാഹനവും വിട്ടുനൽകും. ഇല്ലെങ്കിൽ സർക്കാറിലേക്ക് കണ്ടുകെട്ടും.
സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയിന്റ് ഇന്റലിജന്റ്സ് കമീഷണർ കിരൺ ലാലിന്റെയും എൻഫോഴ്സ്മെന്റ് ഡപ്യൂട്ടി കമീഷണർ ലെനിന്റെയും നിർദേശപ്രകാരം ജി.എസ്.ടി ജില്ല എൻഫോഴ്സ്മെന്റ് ഓഫിസർ ആന്റണി വാസ്, ഡെപ്യൂട്ടി എൻഫോഴ്സ്മെന്റ് ഓഫിസർമാരായ ബി.ദീപു, മനീഷ് ബാലൻ, അനിൽ ജോർജ്, ജീവനക്കാരായ അമൽ, അൻസാർ എന്നിവർ ചേർന്നാണ് വാഹനം പിടികൂടി പരിശോധന നടത്തിയത്.