Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാനിറ്ററി...

സാനിറ്ററി മാലിന്യത്തിന് പരിഹാരം;16,305 മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യും

text_fields
bookmark_border
സാനിറ്ററി മാലിന്യത്തിന് പരിഹാരം;16,305 മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യും
cancel
Listen to this Article

കൊല്ലം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ജില്ലയിലെ മാലിന്യ സംസ്കരണത്തിനും ആർത്തവ ശുചിത്വത്തിനുമായി വിപുല പദ്ധതികൾ നടപ്പാക്കുന്നു.

സാനിറ്ററി നാപ്കിൻ മാലിന്യങ്ങളുടെ വർധനവിനെത്തുടർന്ന് പരിസ്ഥിതിയിലുണ്ടാകുന്ന മലിനീകരണം കുറക്കാൻ 16,305 മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 21 ഇൻസിനറേറ്ററുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് മാലിന്യമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും സാനിറ്ററി മാലിന്യ സംസ്കരണം വെല്ലുവിളിയായി തുടരുകയാണ്. ഉപയോഗശേഷമുള്ള നാപ്കിനുകൾ സുരക്ഷിതമായി ശേഖരിക്കാനും സംസ്കരിക്കാനും സൗകര്യം പരിമിതമായതിനാൽ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ദോഷകരമാകുന്നു.

ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി സ്കൂളുകളിലും കോളജുകളിലും ഇൻസിനറേറ്ററുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തുക വിനിയോഗിച്ച് സംസ്ഥാനത്താകെ 390 ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ 21 യൂനിറ്റുകൾ സ്ഥാപിക്കുന്നത്.

നെറ്റ് സീറോ കാർബൺ പദ്ധതി നടപ്പാക്കുന്ന 19 തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കും ഹരിതകർമസേന പ്രവർത്തകർക്കും സ്കൂളുകളിലെയും കോളജുകളിലെയും 5000 വിദ്യാർഥിനികൾക്കും മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യും. പദ്ധതിയുടെ ജില്ലതല യോഗം ഫെബ്രുവരി ആറിന് ചേരും.

15നകം പരിശീലനവും വിതരണവും പൂർത്തിയാക്കാനാണ് ലക്ഷ്യം. ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വിതരണം. സാനിറ്ററി നാപ്കിൻ ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായ ശുചിത്വരീതികൾ വ്യാപിപ്പിക്കുകയാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
TAGS:Nava Keralam haritha kerala mission Menstrual cups distribution 
News Summary - Solution to sanitary waste; 16,305 menstrual cups will be distributed
Next Story