കായിക സ്വപ്നങ്ങൾ കാടുമൂടുന്നു
text_fieldsകൊല്ലം: ‘ഡിസംബറിൽ നിർമാണം പൂർത്തിയാകും, ഉടനടി ഉദ്ഘാടനം നടക്കും...’ ഇത് പറഞ്ഞിട്ട് മൂന്ന് കൊല്ലമാകുന്നെങ്കിൽ, പീരങ്കി മൈതാനത്തെ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം കണ്ടുകഴിഞ്ഞാൽ ‘എല്ലാ വർഷവും ഡിസംബർ ഉണ്ടല്ലോ’ എന്ന കോമഡി ഡയലോഗ് പറയേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൊല്ലത്തിന്റെ കായികസ്വപ്നങ്ങൾ നിർമാണം നിലച്ചിരിക്കുന്ന ആ കെട്ടിടത്തിന് ചുറ്റും കാടുമൂടി കിടക്കുകയാണ്. ഒരൊറ്റ സ്റ്റേഡിയത്തിൽ 23 കായിക ഇനങ്ങൾക്ക് വേദിയൊരുങ്ങുന്നത് കാണാനായി കൊല്ലം കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും നിർമാണം എന്ന് പൂർത്തിയാക്കും എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
കെട്ടിടം നിർമാണം പൂർത്തിയാക്കി പുറംചുമരിലെ പെയിന്റിങ് ഉൾപ്പെടെ കഴിഞ്ഞ സ്റ്റേഡിയത്തിന്റെ, കോർട്ടിൽ വിരിക്കാനുള്ള മേപ്പിൾപലക ഇറ്റലിയിൽ നിന്ന് വാങ്ങുന്നതിനുള്ള നടപടി ഇല്ലാത്തതാണ് ഇതുവരെ ചെലവഴിച്ച കോടികൾക്ക് മേൽ കാടുമൂടുന്നതിലേക്ക് നയിച്ചത്. 2023 ആഗസ്റ്റിലും പിന്നീട് അതേ വർഷം ഡിസംബറിലും ഉദ്ഘാടനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച സ്റ്റേഡിയമാണ് മൂന്ന് വർഷം പിന്നിടുമ്പോഴും പൂർത്തിയാകാതെ നിൽക്കുന്നത്.
സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റ് നേരിട്ട് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ജില്ല സ്പോർട്സ് കൗൺസിലിന് യാതൊരു റോളുമില്ല. കിഫ്ബി ഫണ്ട് വിനിയോഗിച്ച് കിറ്റ്കോ ആണ് സ്റ്റേഡിയം നിർമിക്കുന്നത്. കൊല്ലത്തിന്റെ മണ്ണിൽ ഏറ്റവും ചരിത്രപ്രാധാന്യമുള്ള പീരങ്കി മൈതാനത്തെ കീറിമുറിച്ച് 1.43 ഏക്കർ സ്ഥലത്ത് ആണ് 42.72 കോടി അടങ്കൽ ചെലവുവരുന്ന ഇൻഡോർ സ്റ്റേഡിയം നിർമാണം നടത്തിയത്. 2000 പേർക്ക് വരെ ഇരിക്കാവുന്ന ഗാലറി ഉൾക്കൊള്ളുന്ന സ്റ്റേഡിയം മൂന്ന് നിലയിലാണുള്ളത്. ബാഡ്മിന്റൺ, വോളിബാൾ, ടേബിൾ ടെന്നിസ്, ബാസ്കറ്റ് ബാൾ എന്നിങ്ങനെ 23 കായിക ഇനങ്ങൾ നടത്താവുന്ന കോർട്ടുകൾ, കായികതാരങ്ങൾക്ക് ഹോസ്റ്റൽ സൗകര്യത്തിനായി 21 മുറികൾ, സ്വിമ്മിങ് പൂളും റണ്ണിങ് ട്രാക്കും, ടിക്കറ്റ് കൗണ്ടറുകൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. ഇതെല്ലാം നിർമാണം നടത്തിക്കഴിഞ്ഞു.
എന്നാൽ, 60 മീറ്റർ നീളവും 40 മീറ്റർ വീതിയും വരുന്ന കോർട്ടിൽ വിരിക്കാനുള്ള മേപ്പിൾ തടിയാണ് സ്റ്റേഡിയം നിർമാണം അനിശ്ചിതത്വത്തൽ ആക്കിയിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ഈ തടി വാങ്ങുന്നതിനായി ഇതുവരെ സ്പോർട്സ് ഡയറക്ടറേറ്റ് ഓർഡർ നൽകിയിട്ടില്ല. ഇതുകൂടാതെ, നിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള തർക്കവും തടസമായി മുന്നിൽനിൽക്കുകയാണ്. നിർമാണത്തിലുള്ള അപാകതകൾ സംബന്ധിച്ചും ഏജൻസികൾ വ്യത്യസ്തമായി നടത്തേണ്ട പരിശോധനകളെ കുറിച്ചും ബില്ലുകൾ മാറുന്നതിനെ കുറിച്ചുമൊക്കെയാണ് തർക്കം നിലവിലുള്ളത്. ഇതുൾപ്പെടെ പരിഹരിച്ചാൽ മാത്രമേ, സ്റ്റേഡിയം നിർമാണം മുന്നോട്ടുനീങ്ങുകയുള്ളു. ഇതിനായി ഇടപെടൽ നടത്താമെന്ന് വിഷ്ണു മോഹൻ എം.എൽ.എ അറിയിച്ചിട്ടുണ്ട്. അടിയന്തരമായി മന്ത്രി ഉൾപ്പെടെ സന്ദർശിക്കുമെന്നാണ് അധികൃതർ പറയുന്നത്. നടപടി എന്തായാലും ഇനിയും വൈകാതെ, ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കി നാടിനായി തുറന്നുനൽകണമെന്ന ആവശ്യമാണ് കൊല്ലത്തെ കായികപ്രേമികൾ ഉയർത്തുന്നത്.


