ബദറുദ്ദീൻ ബക്കറ്റു പിരിവ് നടത്തുന്നത് സമ്പാദിക്കാനല്ല മറിച്ച് വേദനിക്കുന്നവർക്ക് ആശ്വാസമാകാൻ
text_fieldsബദറുദ്ദീൻ
ഇരവിപുരം: ആരുടെ ആയാലും വേർപാടും വേദനയും ബദറുദ്ദീന് എന്നും തീരാനോവാണ്. വേദന ഒരു അർബുദബാധിതന്റേതാണെങ്കിൽ ഈ 67 കാരന്റെ പിന്നീടുള്ള ഓരോ യാത്രയും ആ മനുഷ്യനെ സഹായിക്കാനുള്ള ബക്കറ്റുമായാണ്. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 42 ചല്ലികുഴി ഹൗസിൽ ബദറുദ്ദീൻ പള്ളിമുക്കിന്റെ ധനസമാഹരണം രോഗബാധിതർക്ക് ചികിത്സക്കുള്ള ധനം സ്വരൂപിക്കാനാണ് . കഴിഞ്ഞ ഏതാനും വർഷങ്ങളായി ബദർ പള്ളിമുക്ക് എന്നറിയപ്പെടുന്ന ഈ ഗൃഹനാഥന്റെ സാമൂഹിക സേവനത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. പ്രദേശവാസികളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ ഫോട്ടോ സ്വന്തം ചെലവിൽ പ്രിന്റ് ചെയ്തു കൊല്ലുർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്ക് സമീപം പതിക്കുന്നതും പതിവ് തെറ്റാത്ത സത്കർമമാണ്.
കർണാടകയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ലോറിക്കൊപ്പം മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞ ഡ്രൈവർ അർജുന്റെ ഓർമക്കായി പള്ളിമുക്ക് മാർക്കറ്റിന് അടുത്തുള്ള തന്റെ കടക്ക് ബദറുദ്ദീൻ അർജുൻ സ്റ്റോർ എന്നു പേരിട്ട് ശ്രദ്ധേയനായിരുന്നു. സൗദി അറേബ്യയിലെ ബുറൈദയിൽ 27 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷംനാട്ടിലെത്തിയപ്പോൾ സൗദി അറേബ്യയിൽ നടത്തിയിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നാട്ടിലും നടത്തണമെന്ന തോന്നൽ ഉണ്ടായതിനെ തുടർന്നാണ് രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിനുവേണ്ടി ബദറുദ്ദീൻ ബക്കറ്റ് പിരിവ് ആരംഭിച്ചത്.
ആദ്യമൊക്കെ ആളുകൾ ഇതിനു വലിയ വില കൽപിച്ചില്ലെങ്കിലും ബദറുദ്ദീന്റെ ഈ സേവനത്തിന് പിന്നീട് വലിയ വിലയാണ് ലഭിച്ചത്. വെള്ളിയാഴ്ചകളിലാണ് ഇദ്ദേഹം പള്ളിമുക്കിലുള്ള വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റിലും ബക്കറ്റുമായി പിരിവിന് എത്തുന്നത്. ബക്കറ്റ് കലക്ഷനായി ലഭിക്കുന്ന തുക പള്ളിമുക്ക് ലൈബ്രറി അടുത്തുള്ള നാസിമുദ്ദീന്റെ ചായക്കടയിലും ലൈബ്രറി വളപ്പിലും വെച്ച് അപ്പോഴുള്ളവരുടെ സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി സി.എച്ച് സെന്ററിലേക്ക് അയച്ചു കൊടുക്കുകയാണ് പതിവ്. എത്രരൂപ ലഭിച്ചു എത്ര രൂപ അയച്ചു എന്നതിൻറെ സ്ക്രീൻ ഷോട്ട് എടുത്ത് ലൈബ്രറിക്ക് അടുത്ത് പ്രദർശിപ്പിക്കാറുണ്ട്.
ഇദ്ദേഹത്തിന്റെ സേവനം മുൻനിർത്തി സി.എച്ച് സെന്റർ ഇദ്ദേഹത്തെ ഇരവിപുരം മണ്ഡലം കോഓഡിനേറ്റർ ആക്കിയിട്ടുണ്ട്. മരുന്നു വാങ്ങാൻ പണമില്ലെന്ന ആവശ്യവുമായി സമീപിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്താറില്ല. ആർ.സി.സിയിൽ ചികിത്സക്ക് പോകുന്നവർക്ക് സി.എച്ച് സെന്ററിൽ താമസിക്കുന്നവരും മറ്റുമായുള്ള എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു കൊടുക്കാറുണ്ട്. ലഹരി വിരുദ്ധ സമിതിയുടെ മണ്ഡലം പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അടുത്തിടെ സി.എച്ച് സെന്ററിനു വേണ്ടി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ഉൾപ്പെടെ നിരവധി സന്നദ്ധ സംഘടനകളുടെ പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്.