പുനർനിർമിച്ച റോഡിൽ ടാറിങ് വൈകുന്നു
text_fieldsടാറിങ് വൈകുന്ന കോട്ടയ്ക്കകത്ത് മുക്ക്-കിഴക്കിടത്ത് മുക്ക് റോഡിൽ മെറ്റൽ ഇളകിക്കിടക്കുന്നു
ശാസ്താംകോട്ട : 20 വർഷത്തിലധികമായി തകർന്നുകിടന്ന റോഡ് പുനർനിർമിച്ചെങ്കിലും ടാറിങ് വൈകുന്നതിനാൽ ജനം കൂടുതൽ ദുരിതത്തിലായി. ശൂരനാട് തെക്ക് പഞ്ചായത്തിലെ കോട്ടയ്ക്കകത്ത് മുക്ക് -കിഴക്കിടത്ത് മുക്ക് റോഡിനാണ് ഈ ഗതികേട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ ഇടപെട്ട് റോഡ് പുനർനിർമാണത്തിന് ജില്ല പഞ്ചായത്തിന്റെ 50 ലക്ഷം രൂപ അനുവദിക്കുകയും ആറുമാസം മുമ്പ് മെറ്റലിങ് നടത്തി പുനർനിർമിക്കുകയും ചെയ്തു.
എന്നാൽ ടാറിങ് വൈകിയതോടെ റോഡിലെ മെറ്റൽ പൂർണമായും ഇളകി ഇതുവഴി കാൽ നട പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനയാത്രക്കാർ മറിഞ്ഞുവീണ് അപകടം പറ്റുന്നത് നിത്യസംഭവം ആണ്. റോഡ് നിർമാണത്തിന്റെ പേരിൽ ഇതുവഴി സർവീസ് നടത്തിയിരുന്ന ബസുകളും സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങളും വരാതായതോടെ കൂടുതൽ ദുരിതമായി.
ഇതിനിടയിൽ ടാറിങ്ങിന് വേണ്ടി ഇറക്കിവെച്ച ടാറും മെറ്റലും കരാറുകാരൻ തിരികെ കൊണ്ടുപോകാൻ നടത്തിയ ശ്രമം പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞിരുന്നു. അടിയന്തിരമായി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശൂരനാട് മേഖലയിലുള്ളവർക്ക് ശാസ്താംകോട്ട റെയിൽവെ സ്റ്റേഷനിലേക്ക് ഉൾപ്പെടെ എത്തിച്ചേരാനുള്ളതാണ് ഈ റോഡ്.
കാരാളിമുക്ക് -ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽ മുക്ക്-കിഴക്കിടത്ത്മുക്ക് റോഡ് നിർമാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ നിരവധി തവണ വകയിയിരുത്തിയെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.