സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപെട്ട ബസുകൾ
ചാത്തന്നൂർ: ചാത്തന്നൂർ-പരവൂർ റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്കേറ്റു. നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ കൊടുംവളവിൽ ശനിയാഴ്ച വൈകീട്ട് 6.15ഓടെയാണ് ബിസ്മില്ല, കൽഹാര എന്നീ ബസുകൾ കൂട്ടിയിടിച്ചത്.
കൊട്ടിയം രാജേന്ദ്ര വിലാസത്തിൽ ശ്രുതിവർമ്മ (40), ചാത്തന്നൂർ ചരുവിള പുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള(65), പരവൂർ ശാരികയിൽ ശരത് (35), ബസ് ഡ്രൈവർ കണ്ണനല്ലൂർ സരിക മൻസിലിൽ ഫിറോസ് (41), പെരുമ്പുഴ അവിട്ടത്തിൽ അഖില (33), മകൻ അദ്ധൈ്വത് (9), തിരുമുല്ലാവരം പേഴതിൽ വടക്കതിൽ വീട്ടിൽ മിനി (52), കുറുമണ്ടൽ സ്വദേശി നസീമ, ഓട്ടോ ഡ്രൈവർ നൗഷാദ് (35), സുരേഷ്ബാബു എന്നിവർക്കാണ് പരിക്കേറ്റത്. കൽഹാര ബസിന്റെ ഡ്രൈവർ സന്ദീപിനെ (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാത്തന്നൂർ ഭാഗത്തുനിന്ന് വന്ന ബസ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ബസിൽ കുടുങ്ങിയവരെ നാട്ടുകാരുസ്പൊലീസും ഫയർഫോഴ്സും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ചാത്തന്നൂർ-പരവൂർ റോഡിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ചുവിട്ടു. ഫയർഫോഴ്സും പൊലീസും ചേർന്ന് ബസുകൾ റോഡിൽനിന്ന് മാറ്റി ഒന്നര മണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. പരവൂർ പൊലിസ് കേസെടുത്തു.


