വയോധികന്റെ മൃതശരീരം മുൻ വാർഡ് മെംബറുടെ പുരയിടത്തിൽ സംസ്കരിച്ചു
text_fieldsവർഗീസിന്റെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുന്നു
പത്തനാപുരം: മിശ്ര വിവാഹത്തെ തുടർന്ന് ബന്ധുക്കൾ അകറ്റിയ വയോധികന്റെ മൃതദേഹം മുൻ വാർഡ് മെമ്പറുടെ പുരയിടത്തിൽ സംസ്കരിച്ചു. പത്തനാപുരം ഗ്രാമ പഞ്ചായത്തിലെ പൂങ്കുളഞ്ഞി ചരുവിള പുത്തൻ വീട്ടിൽ പി.ഡി വർഗീസ് (80) കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. ഒരു രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന ഭാര്യ അംബുജാക്ഷി മൃതദേഹം എവിടെ സംസ്കരിക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു.
അപ്പോഴാണ് പൊതു പ്രവർത്തകനായ ഷക്കീം ഇടപെട്ട് മുൻ വാർഡ് മെമ്പർ വി.എം മിനിയുടെ പുരയിടത്തിൽ സംസ്കരിക്കാൻ നടപടിയായത്. വർഷങ്ങളായി വാടക കെട്ടിടത്തിൽ കഴിഞ്ഞു വരികയായിരുന്നു വർഗീസ്. എസ്.എഫ്.സി.കെ തൊഴിലാളിയായിരുന്നു.
ജോലിയിൽ നിന്നും വിരമിച്ച ശേഷം പലയിടങ്ങളിലായി ജോലിക്ക് പോയാണ് ജീവിച്ചു വന്നത്. ദമ്പതികൾക്ക് മക്കളുണ്ടായിരുന്നില്ല. ബന്ധുക്കൾ തിരിഞ്ഞു നോക്കാതായതോടെ വർഗീസും ഭാര്യയും ഒറ്റപ്പെടുകയായിരുന്നു. മതാചാര പ്രകാരമുള്ള ചടങ്ങുകൾ ഒന്നുമില്ലാതെയായിരുന്നു വർഗീസിന്റെ സംസ്കാരവും. പൊതു പ്രവർത്തകരായ സി. ആർ. നജീബ്, ഷകീം എസ്. പത്തനാപുരം, പി. എ. ഷാജഹാൻ, നസീമ ഷാജഹാൻ, അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ.


