നക്ഷത്രങ്ങളുടെ തിളക്കവും കേക്കുകളുടെ മധുരവും ചേർന്ന ക്രിസ്മസ് വിപണി സജീവം
text_fieldsകൊല്ലം നഗരത്തിലെ നക്ഷത്ര വിൽപന കടയിൽ പ്രദർശിപ്പിച്ച വിവിധ തരം നക്ഷത്രങ്ങളും പുൽക്കൂട് അലങ്കരിക്കാനുള്ള രൂപങ്ങളും
കൊല്ലം: മഞ്ഞുവീഴുന്ന രാവുകളുടെ കാത്തിരിപ്പിൽ ക്രിസ്മസ് വീണ്ടും എത്തിയപ്പോൾ, ആഘോഷത്തിന്റെ പ്രകാശം നിറച്ച് കൊല്ലത്തിന്റെ വിപണികളും ഉണർന്നു. നക്ഷത്രങ്ങളുടെ തിളക്കവും കേക്കുകളുടെ മധുരവും ചേർന്ന ക്രിസ്മസ് ചൂടിലാണ് നഗരവും ഗ്രാമങ്ങളും ഒരുപോലെ മുഴുകിയിരിക്കുന്നത്.
വൈവിധ്യമാർന്ന നക്ഷത്രങ്ങളും അനുബന്ധ അലങ്കാര സാമഗ്രികളും വിപണിയെ ആകർഷകമാക്കുകയാണ്. പേപ്പർ, പ്ലാസ്റ്റിക്, ഫൈബർ, എൽ.ഇ.ഡി എന്നിവയിൽ നിർമിച്ച വിവിധ നിറങ്ങളിലെയും രൂപങ്ങളിലെയും നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെ പ്രധാന ആകർഷണം. ഖാദി, വെൽവറ്റ് പോലുള്ള തുണിത്തരങ്ങളിലുള്ള നക്ഷത്രങ്ങൾ, എൽ.ഇ.ഡി ബൾബുകൾ ഉൾപ്പെടുത്തിയ റെഡിമെയ്ഡ് പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ എന്നിവയും വിപണിയിൽ സുലഭമാണ്. ഇത്തവണയും എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ഏറ്റവുമധികം ഡിമാൻഡ്. പുൽക്കൂട് അലങ്കരിക്കാൻ ബലൂണുകൾ, വർണക്കടലാസുകൾ, അലങ്കാര ബോളുകൾ, ബൾബുകൾ തുടങ്ങിയവയും വിൽപ്പനക്കുണ്ട്. മുൻവർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പേപ്പർ നക്ഷത്രങ്ങളിലേക്കാണ് ആളുകൾ കൂടുതലായി മടങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. നക്ഷത്രങ്ങൾക്ക് 50 രൂപ മുതൽ 450 രൂപ വരെയാണ് വില. പേപ്പർ നക്ഷത്രങ്ങൾ 150 മുതൽ 250 രൂപ വരെയാണ്.
എൽ.ഇ.ഡി നക്ഷത്രങ്ങൾ 100 മുതൽ 500 രൂപ വരെയും, വലുപ്പമേറിയവ 200 മുതൽ 1000 രൂപ വരെയും വിലവരുന്നു. ചൈനീസ് നിർമ്മിത നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും കൂടുതൽ വെളിച്ചമുള്ള നക്ഷത്രങ്ങളാണ് ഉപഭോക്താക്കൾ തേടുന്നത്. പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് ഏകദേശം 400 രൂപയും, ഫൈബർ നക്ഷത്രങ്ങൾക്ക് വലുപ്പമനുസരിച്ചുള്ള വിലയുമാണ്. നക്ഷത്രങ്ങൾക്കൊപ്പം ക്രിസ്മസ് ട്രീകൾ, സാന്താക്ലോസിന്റെ മുഖംമൂടികൾ, ട്രീ അലങ്കാരങ്ങൾ, പുൽക്കൂട് സെറ്റുകൾ, വേഷവിധാനങ്ങൾ, എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച ക്രിസ്മസ് തൊപ്പികൾ എന്നിവയും വിപണിയിലുണ്ട്. ഒരടി മുതൽ പത്ത് അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകൾ ലഭ്യമാണ്. ഇത്തവണ പോളികാർബണിൽ നിർമിച്ച ട്രീകളാണ് ട്രെൻഡാകുന്നത്.
200 മുതൽ 8000 രൂപ വരെയാണ് ട്രീകളുടെ വില. ആറ് അടി ഉയരമുള്ള ട്രീകൾക്ക് 700 മുതൽ 900 രൂപ വരെയാണ് വില. ആവശ്യക്കാരും കൂടുതലുള്ളത്. പുൽക്കൂട് രൂപങ്ങളുടെ സെറ്റുകൾക്ക് 200 മുതൽ 1000 രൂപ വരെയാണ് . നക്ഷത്രങ്ങളോടൊപ്പം കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. ബേക്കറി ഉടമകളും ഹോം ബേക്കർമാരും പ്ലം കേക്കിനുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. നവംബർ ആദ്യവാരം മുതൽ സജീവമായ കേക്ക് വിപണി പുതുമയുള്ള രുചികളുടെ പരീക്ഷണത്തിലാണ്. നോർമൽ, റിച്ച്, എഗ്ലെസ് പ്ലം കേക്കുകൾക്ക് പുറമെ വാനില ബട്ടർ, വാനില ഫ്രെഷ് ക്രീം കേക്കുകളും ലഭ്യമാണ്. കൂടാതെ വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്ത, സ്ട്രോബെറി, ബട്ടർസ്കോച്ച്, ഓറഞ്ച്, ബ്ലാക്ക്-വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ വൈവിധ്യമാർന്ന രുചികളിലുള്ള കേക്കുകളും വിപണിയെ മധുരമാക്കുന്നു.


